Showing posts with label news. Show all posts
Showing posts with label news. Show all posts

ടെലിഗ്രാം @LivegramBot ഡാറ്റാബേസ് ചോർച്ച

അടുത്തിടെ ജനപ്രിയ ഫീഡ്ബാക്ക് ബോട്ട് ആയ Livegram ഡാറ്റാബേസ് ചോർച്ച റിപ്പോർട്ട് ചെയ്തു. ടെലിഗ്രാം ചാനൽ അഡ്മിനിസ്ട്രേറ്റർമാർക്ക് അജ്ഞാതമായി ഫീഡ്‌ബാക്ക് നൽകുവാൻ ഈ ബോട്ട് ഉപയോഗിക്കുന്നു. ബോട്ടുകളെ സംരക്ഷിക്കാൻ, എല്ലാ ലിങ്കുചെയ്ത എല്ലാ ബോട്ട് ടോക്കണുകളും ടെലിഗ്രാം ടീം അസാധുവാക്കും.

നിങ്ങളുടെ ബോട്ട് മുമ്പത്തെപ്പോലെ പ്രവർത്തിക്കാൻ, @BotFather-ലും @LivegramBot ക്രമീകരണങ്ങളിലും എല്ലാ ലൈവ്‌ഗ്രാം ബോട്ടുകൾക്കുമുള്ള ടോക്കണുകൾ നിങ്ങൾ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ബോട്ട് ഉടൻ പ്രവർത്തിക്കുന്നത് നിർത്തും.

ബോട്ട് ഉടമകൾ എന്തുചെയ്യണം:
1. @BotFather തുറക്കുക, /mybots കമാൻഡ് അയയ്ക്കുക.
2. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബോട്ട് തിരഞ്ഞെടുക്കുക.
3. API ടോക്കൺ ടാപ്പ് ചെയ്യുക, തുടർന്ന് നിലവിലെ ടോക്കൺ പിൻവലിക്കുക. അതിനുശേഷം, പുതിയ ടോക്കൺ @LivegramBot-ലേക്ക് അയയ്ക്കുക.

Source: @tginfo

കോട്ടയത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ

കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയില്‍. ഏഴു പേരെയാണ് ചങ്ങനാശേരി കറുകച്ചാലില്‍ വച്ച് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ബുള്ളി ഭായ് മോഡല്‍ വീണ്ടും; ഇത്തവണ ടെലഗ്രാമില്‍

ദില്ലി: ബുള്ളി ഭായ് ആപ്പില്‍ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളുടെ ലേലത്തിന് വെച്ച സംഭവത്തില്‍ വിവാദം കടുക്കുന്നതിനിടെ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയാണ്. ഇത്തവണ ടെലഗ്രാം ചാനലിലാണ് ഒരു യുവതിയുടെ ചിത്രം ലേലത്തിനെന്ന പേരില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതേസമയം ഈ ചാനല്‍ ബ്ലോക് ചെയ്തിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും, പോലീസുമായി ചേര്‍ന്ന് ശക്തമായ നടപടിക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന്​ ആവശ്യം


പ്രമുഖ മെസ്സേജിങ്​ ആപ്പായ ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന ആവശ്യവുമായി രാഷ്​ട്രീയ പ്രവർത്തകൻ ബോറിസ്​ പിസ്​റ്റോറിയസ്​. ആപ്പിളിന്‍റെയും ഗൂഗ്​ളിന്‍റെയും ആപ്പ്​ സ്​റ്റോറുകളിൽ നിന്നും ടെലഗ്രാം നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും അദ്ദേഹം സർക്കാരിനോട്​ ആവശ്യപ്പെട്ടു. തീവ്രവാദ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിനുള്ള അഭ്യർത്ഥനകൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ആപ്പ്​ നിരോധിക്കണമെന്നാണ്​ അദ്ദേഹം ആവശ്യപ്പെടുന്നത്​.

വാക്സിൻ വിരുദ്ധർക്ക്​ അവരുടെ ആശയം വ്യാപകമായി പ്രചരിപ്പിക്കാൻ അവസരം നൽകിയതിന്​ ടെലഗ്രാം ജർമ്മനിയിൽ വിമർശനമേറ്റുവാങ്ങിയിരുന്നു. ആപ്പിലൂടെ വാക്​സിനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

"സർക്കാർ സെൻസർഷിപ്പിന്" വഴങ്ങില്ലെന്ന നിലപാട്​ സ്വീകരിക്കുന്നതിനാൽ ടെലഗ്രാമിന്​, ജർമനിയിലെ ആക്ടിവിസ്റ്റുകൾക്കും പ്രതിഷേധക്കാർക്കും ഇടയിൽ വലിയ പ്രചാരമാണുള്ളത്​​, പ്രത്യേകിച്ചും 'നുണകളും ഭീഷണികളും ഗൂഢാലോചന സിദ്ധാന്തങ്ങളും' പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള സർക്കാർ സമ്മർദ്ദത്തിന്​ ഫേസ്​ബുക്ക്​ (Facebook) പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴങ്ങുന്ന സാഹചര്യത്തിൽ. അതേസമയം, വിഷയത്തിൽ ടെലിഗ്രാം പ്രതികരണം അറിയിച്ചിട്ടില്ല.

ടെലിഗ്രാം ആപ്പ് ഉടൻ അപ്‌ഡേറ്റ് ചെയ്യുക!

ടെലിഗ്രാം പുതിയ ഉപയോക്തൃ ഐഡി സിസ്റ്റത്തിലേക്ക് മാറുന്നു. ഇക്കാരണത്താൽ, ടെലിഗ്രാം ആപ്പുകളുടെ പഴയ പതിപ്പുകളിൽ സൈൻ അപ്പ് ചെയ്യുന്നതിനുള്ള സൗകര്യം ടെലിഗ്രാം പ്രവർത്തനരഹിതമാക്കി. മെസഞ്ചറിന്റെ എല്ലാ ഫീച്ചറുകളും ഉപയോഗപ്പെടുത്തുന്നതിനായി, ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ടെലിഗ്രാം ആവശ്യപ്പെടുന്നു.

താഴെപ്പറയുന്ന പതിപ്പുകളോ പുതിയതോ ആണെങ്കിൽ ടെലിഗ്രാം നിങ്ങളുടെ ഉപകരണങ്ങങ്ങളിൽ ശരിയായി പ്രവർത്തിക്കും:
  • ആൻഡ്രോയിഡിനുള്ള ടെലിഗ്രാം 8.2.7
  • ആൻഡ്രോയിഡിനുള്ള ടെലിഗ്രാം X 0.24.0.1439
  • iOS -നുള്ള ടെലിഗ്രാം 8.2.2
  • ടെലിഗ്രാം ഡെസ്ക്ടോപ്പ് 3.2.5
  • ടെലിഗ്രാം മാക് ഓ.എസ് 8.2.0.
നിങ്ങളുടെ ഉപകരണം 32ബിറ്റ് ആണെങ്കിൽ വിഷമിക്കേണ്ട: 32ബിറ്റ് പ്രോസസറുകൾക്ക് 64ബിറ്റ് നമ്പറുകളിൽ പ്രവർത്തിക്കാനാകും.
Credit: @tginfo

ടെലിഗ്രാം ഒരു പുതിയ User Authorization സംവിധാനം അവതരിപ്പിക്കുന്നു

വരാനിരിക്കുന്ന അപ്‌ഡേറ്റിൽ, ടെലിഗ്രാമിന്റെ പുതുക്കിയ authorization സംവിധാനം അവതരിപ്പിക്കപ്പെടും. ലോഗിൻ ചെയ്യുമ്പോൾ അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പറിലേക്ക് ഒരു കോൾ വിളിക്കപ്പെടുകയും, ഈ നമ്പറിലെ ചില അക്കങ്ങൾ പൂർത്തിയാക്കി, ലോഗിൻ ചെയ്യുകയും ചെയ്യുന്ന തരത്തിൽ ആണ് പുതിയ സംവിധാനം. SMS ഉപയോഗിച്ചുള്ള പഴയ ലോഗിൻ സംവിധാനം പൂർണമായി മാറില്ലെന്നതിനാൽ, നിലവിൽ ചില മൊബൈലുകളിൽ മാത്രമാകും മാറ്റങ്ങൾ പ്രകടമാകുക. കൂടാതെ, വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ, ഉപയോക്താവ് മുമ്പ് ലോഗിൻ ചെയ്‌ത മൊബൈൽ/ഉപകരണങ്ങളുടെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള ഒരു ഓപ്ഷൻ ലഭ്യമാകും. ഇത് പിന്നീട് ലോഗിൻ ചെയ്യാൻ ആവശ്യമായ സമയം ഗണ്യമായി കുറയ്ക്കും.

ടെലിഗ്രാം പ്രോജക്റ്റിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം ലാഭിക്കുക എന്നതായിരിക്കാം ഈ നടപടിയുടെ പിന്നിലെ കാരണം. നിലവിലെ SMS വഴിയുള്ള Authorization നു വേണ്ടി മൊത്തം ചെലവിന്റെ ഏകദേശം കാൽഭാഗം ചെലവഴിക്കേണ്ടി വരുന്നതായി കണക്കാക്കപ്പെടുന്നു. ടെലിഗ്രാം ഡെസ്ക്ടോപ്പ്, ടെലിഗ്രാം വെബ് പതിപ്പുകളിൽ നിന്നും SMS വഴിയുള്ള User Authorization മുൻപ് നീക്കം ചെയ്യപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നുവെന്ന് ഓർക്കുക.

Credit: @tginfo

കാണാതായ 15 കാരിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി; കുട്ടി പോയത് ടെലഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം

കോഴിക്കോട്: പന്തീരാങ്കാവ് സ്‌റ്റേഷൻ പരിധിയിൽ നിന്നു കാണാതായ പതിനഞ്ചുകാരിയെ കൊല്ലം ജില്ലയിലെ ചടയമംഗലത്തു നിന്ന് പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കണ്ണൂർ ഉളിക്കൽ സ്വദേശിയായ യുവാവിനൊപ്പമാണ് കുട്ടി പോയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ച് അഞ്ചരമണിക്കൂറിനകമാണ് ഇരുവരെയും കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിയത്തിയെ സ്കൂളിൽ കൊണ്ടുവിടാൻ പോയ പെൺകുട്ടി ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വൈകീട്ട് നാലുമണിയോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

ഇതു പ്രകാരം അന്വേഷണമാരംഭിച്ച പോലീസ് നഗരത്തിലെയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരം ലഭിച്ചില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടു. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ദ്യശ്യങ്ങൾ പ്രകാരം ഇവർ ടിക്കറ്റ് ബുക്ക് ചെയ്ത സമയം കണ്ടെത്തി. ഇതു പ്രകാരം യുവാവിൻ്റെ പേര് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിൽ ഇതു വച്ച് തെരഞ്ഞപ്പോൾ പെൺകുട്ടിയെ ഫ്രണ്ട് ലിസ്റ്റിൽ കണ്ടെത്തി. ഫേസ്ബുക്ക് അക്കൗണ്ടിൽ യുവാവിൻ്റെ ഫോൺ നമ്പർ ഉണ്ടായിരുന്നു. തുടർന്ന്‌ സൈബർസെല്ലിന്റെ സഹായത്തോടെ നമ്പറിന്റെ ലൊക്കേഷൻ പിന്തുടർന്നു.

കൊല്ലം ഭാഗത്തേക്കുള്ള യാത്രയിലാണെന്ന് വ്യക്തമായതോടെ പന്തീരാങ്കാവ് പോലീസ് കൊല്ലം പോലിസിന്റെ സഹായം തേടി. ടിക്കറ്റ് എടുത്തുവെങ്കിലും ഇരുവരും ട്രെയിനിൽ കയറിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ച് ഉറപ്പാക്കി. തുടർന്ന് കോഴിക്കോട് ഭാഗത്തു നിന്നുള്ള ബസുകളിൽ കൊല്ലം പോലീസ് പരിശോധന ആരംഭിച്ചു. ഒടുവിൽ രാത്രി ഒമ്പതരയോടെ ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നു ഇരുവരെയും പോലീസ് കണ്ടെത്തി. ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടു. പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്ഐ ധനഞ്ജയൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം. പത്തൊൻപത് വയസുള്ള യുവാവിനെ ടെലഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടത്.

വലിയ പരസ്യദാതാക്കൾക്ക് മാത്രമേ ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം ലഭ്യമാകൂ

പരസ്യ ഉള്ളടക്കത്തിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനും നിലനിർത്തുന്നതിനും, ടെലിഗ്രാം പരസ്യ പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ സമാരംഭിക്കുന്നതിന് €2,000,000കുറഞ്ഞത് മുൻകൂർ പേയ്‌മെന്റ് ആവശ്യമാണ്.

ഈ പേയ്‌മെന്റിൽ, ടെലിഗ്രാം €1,000,000 ഡെപ്പോസിറ്റായി കൈവശം വയ്ക്കുന്നു, കൂടാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചെലവഴിക്കാൻ പരസ്യദാതാവിന് ബാക്കി തുക ലഭ്യമാക്കുകയും ചെയ്യുന്നു. കരാർ അവസാനിപ്പിക്കുകയും മുൻ 12 മാസത്തിനുള്ളിൽ പരസ്യദാതാവ് പരസ്യങ്ങൾക്കായി €10,000,000-ൽ താഴെ ചിലവഴിക്കുകയും ചെയ്താൽ, €1,000,000 നിക്ഷേപം ടെലിഗ്രാം തടഞ്ഞുവയ്ക്കും.

കരാർ അവസാനിപ്പിക്കുകയും മുൻ 12 മാസത്തിനുള്ളിൽ പരസ്യദാതാവ് പരസ്യങ്ങൾക്കായി €10,000,000-ൽ കൂടുതൽ ചെലവഴിക്കുകയും ചെയ്താൽ, €1,000,000 നിക്ഷേപം തിരികെ ലഭിക്കും. എല്ലാ പരസ്യങ്ങളും പരസ്യ പ്ലാറ്റ്‌ഫോം സേവന നിബന്ധനകൾ, ടെലിഗ്രാം പരസ്യ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും.

ടെലിഗ്രാമിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് യുകെ

"തീവ്രവാദികളുടെ ഇഷ്ട ആപ്പാണ് ടെലിഗ്രാം" എന്ന ആരോപണവുമായി  ലേബർ പാർട്ടി നേതാവും യുകെയിലെ പ്രതിപക്ഷ നേതാവുമായ കിർ സ്റ്റാർമർ.   സ്ത്രീകളെയും രാഷ്ട്രീയക്കാരെയും കൊന്നുകളയാനുള്ള ആഹ്വാനങ്ങൾ പോസ്റ്റ് ചെയ്യാനും, അതുപോലെ സ്വവർഗാനുരാഗികൾക്ക് എതിരെയുള്ള അധിക്ഷേപങ്ങൾ, ഇസ്ലാമോഫോബിയ, വംശീയത എന്നിവ പ്രചരിപ്പിക്കുവാനും അജ്ഞാത ഉപയോക്താക്കൾ മെസഞ്ചർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സർ കെയറിന്റെ പ്രസ്താവനയിൽ അതിശയം പ്രകടിപ്പിച്ച ടെലിഗ്രാം പ്രതിനിധികൾ,  "ടെലഗ്രാമിൽ അക്രമത്തിനുള്ള ആഹ്വാനം പൂർണമായി നിരോധിച്ചിരിക്കുന്നു" വെന്ന് ബിബിസിയ്ക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. "പൊതു ഇടങ്ങളുടെയും ഉപയോക്തൃ റിപ്പോർട്ടുകളുടെയും സജീവമായ നിരീക്ഷണത്തിലൂടെ നിയമം ലംഘിക്കുന്ന ഉള്ളടക്കം തങ്ങളുടെ മോഡറേറ്റർമാർ പതിവായി നീക്കംചെയ്യുന്നു" വെന്നും ടെലിഗ്രാം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Source: @tginfo

ആൻഡ്രോയ്ഡിനായുള്ള ടെലിഗ്രാം ആപ്പ് നൂറു കോടിയിലധികം തവണ ഡൗൺലോഡ് ചെയ്തു

ഇത് ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നുള്ള ടെലഗ്രാം ഡൗൺലോഡുകളുടെ മാത്രം എണ്ണമാണ്. അതോടൊപ്പം തന്നെ മറ്റ് ആപ്പ് സ്റ്റോറുകൾ, ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നുണ്ട്. കൂടാതെ കംപ്യൂട്ടറിനായി ടെലിഗ്രാമിനു പ്രത്യേകം പതിപ്പുകളും ഉണ്ട്. പവൽ ഡ്യുറോവ് റിപ്പോർട്ട് ചെയ്‌ത പ്രകാരം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഈ മാസം ടെലിഗ്രാമിൽ 200 കോടിയിലേറെ ഐഡികൾ  ഉണ്ടാവുകയും 7 കോടിയിയിൽ അധികം ആളുകൾ പുതിയതായി ടെലിഗ്രാമിലേക്ക് വരികയും ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 കോടി ഡൗൺലോഡുകൾ എന്ന ലക്ഷ്യം ടെലിഗ്രാം മറികടന്നത് മെയ് 2020 ന് ആയിരുന്നു.

Source: @tginfo

കേരള ലോട്ടറി; വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽപ്പന

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ ചട്ടം അനുസരിച്ച് പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. ഓൺലൈൻ വഴി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ വിൽക്കുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങൾ ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് പല പേരുകളിലാണ് പ്രത്യേകിച്ച് ഡിജിറ്റൽ കേരള ലോട്ടറി എന്ന പേരിലുള്ള ഗ്രൂപ്പിലാണ് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകമായി പ്രവർത്തിക്കുന്നത്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഫോട്ടോ ഗ്രൂപ്പിൽ ഇടുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് ഇഷ്ടമുള്ള നമ്പർ അഡ്‌മിനെ അറിയിച്ചാൽ ഗൂഗിൾ പേയോ ഫോൺ പേയോ വഴി പണം കൈമാറണം. ടിക്കറ്റിന് സമ്മാന തുകയുണ്ടെങ്കിൽ അത് ഓൺലൈനായി അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് വാഗ്ദാനം. ഒരു ലോട്ടറി തന്നെ പല ഗ്രൂപ്പുകളിലേക്ക് വിൽക്കാനും സാധ്യതയുണ്ട്.

സമ്മാനമടിച്ചാൽ മാത്രം ഇതിനകത്ത് തർക്കമുണ്ടാകുകയുള്ളു അതുകൊണ്ടുതന്നെ തട്ടിപ്പിന്റെ സാധ്യകൾ കൂടി ഇതിൽ കൂടുതലായി വരുന്നു. ഈ സാഹചര്യത്തിൽ നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം.

ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയ ദിവസം ടെലഗ്രാമിന് പുതിയതായി ഏഴുകോടി ഉപയോക്താക്കൾ; കണ്ണുതള്ളി ടെലഗ്രാം സിഇഒ

ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങി ആപ്പുകൾ പണിമുടക്കിയ രാത്രി ടെലഗ്രാമിലേക്ക് ഒന്നിച്ചെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കളാണ്. ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രിയാണ് ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ നിലച്ചത്. ഇതോടെയാണ് ജനങ്ങൾ മെസേജിങ്ങിനും വിഡിയോ കോളിങ്ങിനുമായി മറ്റുവഴികൾ തേടാൻ തുടങ്ങിയത്. അന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും ടെലഗ്രാം ആണ്. ഏകദേശം ആറ് മണിക്കൂറോളമാണ് വാട്സാപ് നിലച്ചത്.

ടെലഗ്രാമിന്റെ മുന്നേറ്റം റോയിട്ടേഴ്സാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ടെലഗ്രാം സ്ഥാപകൻ പാവൽ ഡ്യൂറോവ് തന്റെ ടെലഗ്രാം ചാനലിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലഗ്രാമിന്റെ പ്രതിദിന വളർച്ചാ നിരക്ക് റെക്കോർഡിലെത്തി, മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നെത്തിയ 7 കോടിയിലധികം പേരെ ഒരു ദിവസം സ്വാഗതം ചെയ്തു എന്നാണ് അദ്ദേഹം കുറിച്ചിട്ടിത്.

ആ ദിവസം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പ്ലാറ്റ്‌ഫോമിൽ സൈൻ ഇൻ ചെയ്‌ത് മെസേജിങ് സേവനം ഉപയോഗപ്പെടുത്തിയത്. ഇതോടെ യുഎസിലെ ചില ഉപയോക്താക്കൾക്ക് സ്പീഡ് പ്രശ്നങ്ങൾ നേരിട്ടെങ്കിലും എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകാൻ സാധിച്ചെന്നും ഡ്യുറോവ് പറഞ്ഞു.
ഈ സമയത്ത് ഞങ്ങളുടെ ടീം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ഉപയോക്താക്കൾ ഒന്നിച്ച് വന്നിട്ടും എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഒരേസമയം ടെലഗ്രാമിൽ സൈൻ അപ്പ് ചെയ്യാൻ തിരക്കുകൂട്ടിയതിനാൽ അമേരിക്കയിലെ ചില ഉപയോക്താക്കൾക്ക് പതിവിലും കുറഞ്ഞ വേഗം അനുഭവപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ചുരുക്കം ചില വന്‍കിട സേവനങ്ങളെ മാത്രം ആശ്രയിക്കുന്നതിന്റെ പരിണിതഫലമാണ് ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ക്ക് തടസം നേരിട്ടപ്പോള്‍ ഉണ്ടായ പ്രതിസന്ധിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് മേധാവി മാര്‍ഗ്രെത് വെസ്റ്റേജര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഈ രംഗത്തുണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സ്വന്തമായി ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നുവെന്നാണ് ഈ സംഭവത്തില്‍ റഷ്യയുടെ പ്രതികരണം.

ലൈവ്‌ സ്ട്രീമിംഗ്, റീഡ് റെസിപ്റ്റിസ്, തീമുകള്‍; കെട്ടും മട്ടും മാറി ടെലഗ്രാം

ഒന്നല്ല, രണ്ടല്ല എട്ടു ചാറ്റ് തീമുകളാണ്, ഒപ്പം ആനിമേറ്റ്ഡ് ഇമോജികളും. ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റിലാണീ സവിശേഷതകള്‍. പുതിയ പതിപ്പോടുകൂടി കെട്ടിലും മട്ടിലും അടിമുടി മാറാനൊരുങ്ങുകയാണ് ടെലഗ്രാം. വീഡിയോ സ്ട്രീമിങ്, വീഡിയോ ചാറ്റ് അടക്കമുള്ള നിരവധി സവിശേഷതകളാണ് ടെലഗ്രാം അവതരിപ്പിച്ച പുതിയ അപ്‌ഡേറ്റിലുള്ളത്.

ലൈവ് സ്ട്രീമും, വീഡിയോ ചാറ്റുകളും മാത്രമല്ല പുതിയ ഒട്ടേറെ ഇമോജികളുമായിട്ടാണ് ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ഓരോ പ്രൈവറ്റ് ചാറ്റിനും ഇഷ്ടമുള്ള ചാറ്റ് തീമുകള്‍ നല്‍കാം. പുതിയ അപ്‌ഡേറ്റിലെത്തുന്ന ആനിമേറ്റ്ഡ് ഇമോജികള്‍ ടെലഗ്രാമില്‍ പരസ്പരം മെസേജ് ചെയ്ത ഉപഭോക്താകളുടെ സ്‌ക്രീന്‍ ഓണാണെങ്കില്‍ പ്രവര്‍ത്തിക്കും.

ടെലഗ്രാം അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മെസേജ് റീഡ് ആയോ, മെസേജ് സെന്‍ഡ് ആയോ എന്നറിയാനും മാര്‍ഗമുണ്ട്. ഗ്രൂപ്പ് മെസേജുകളില്‍ രണ്ട് ടിക്ക് വന്നാല്‍ മെസേജ് റീഡായെന്ന് പുതിയ അപ്‌ഡേറ്റ് സൂചന നല്‍കും. ടെലഗ്രാമിന്റെ മുന്‍പ് ഇറങ്ങിയ അപ്‌ഡേറ്റില്‍ ആര്‍ക്ക് വേണമെങ്കിലും ലൈവ് സ്ട്രീം സേവനം ഉപയോഗിക്കാമായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് പ്രകാരം അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും ലൈവ്‌ സ്ട്രീമുകള്‍ റെക്കോര്‍ഡ് ചെയ്യാനും വീഡിയോ ചാറ്റുകള്‍ നടത്താനും സാധിക്കുക.

മറ്റ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ നിന്നും വിഭിന്നമായി 2 ജി.ബി സ്റ്റോറേജുള്ള ഫയലുകള്‍ അയക്കുവാന്‍ ടെലഗ്രാമില്‍ സാധിക്കും. ടെലിഗ്രാമിലെ ടെലഗ്രാം ക്വിസ് മോഡ് വഴി സര്‍വ്വേകളിലൂടെയും മറ്റും വേഗത്തില്‍ ഫീഡ്ബാക്ക് ലഭിക്കും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ളതിനാല്‍ പ്രൈവസി ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്.

ടെലഗ്രാമില്‍ 5,500 രൂപയ്ക്ക് വ്യാജ വാക്‌സീന്‍ സർട്ടിഫിക്കറ്റ്; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും വിൽപനയ്ക്ക്

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വന്‍ പ്രശ്‌നമായിരിക്കുകയാണ് എന്ന് ചെക് പോയിന്റ് റിസേര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ എടുത്തുവെന്ന രേഖ കാണിക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് വ്യാജ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ നിർമിക്കാമെന്ന ധാരണ വ്യാപിച്ചതെന്നു പറയുന്നു. വാക്‌സീന്‍ പാസ്‌പോര്‍ട്ട് മാത്രമല്ല ടെസ്റ്റ് റിസള്‍ട്ടുകളും പണം കൊടുത്തു വാങ്ങാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ വ്യാജ വാക്‌സീന്‍ സർട്ടിഫിക്കറ്റ് നിര്‍മാണം വന്‍ കച്ചവടമായി വളര്‍ന്നു കഴിഞ്ഞു.

റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ക്കുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാജ ടെസ്റ്റ് റിസള്‍ട്ടുകളും ടെലഗ്രാം ആപ് വഴി വാങ്ങാന്‍ സാധിക്കുമെന്നും ഇതിന് 75 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 5,500 രൂപയാണ് നല്‍കേണ്ടത് എന്നുമാണ്. നേരത്തെയും ഇപ്പോഴും ഇന്ത്യയടക്കമുളള പല രാജ്യങ്ങളും ഒരു സ്ഥലത്തുനിന്ന് വേറൊരിടത്തേക്ക് സഞ്ചരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്നുണ്ട്. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകളോ, കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടുകളോ കയ്യില്‍ വയ്‌ക്കേണ്ടതായുണ്ട്. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുകള്‍ കുറവാണ് എന്നതാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കണമെങ്കില്‍ ആര്‍ടി-പിസിആര്‍ (കോവിഡ് നെഗറ്റീവ്) ടെസ്റ്റ് റിസള്‍ട്ടോ, രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ കാണിക്കണം.

ചെക് പോയിന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 മാര്‍ച്ച് വരെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഡാര്‍ക് നെറ്റിലൂടെ മാത്രമായിരുന്നു സാധ്യമായിരുന്നത്. എന്നാലിപ്പോള്‍, കൂടുതല്‍ പേർ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചു വില്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. അവ സമ്പാദിക്കാന്‍ ഡാര്‍ക്‌നെറ്റിനെ ആശ്രയിക്കേണ്ടതില്ല, മറിച്ച് വാട്‌സാപ് പോലെയുളള മെസേജിങ് ആപ്പായ ടെലഗ്രാം വഴിയും വാങ്ങാം! കഴിഞ്ഞ ഒരു വര്‍ഷമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഡാര്‍ക്‌നെറ്റിലും ടെലഗ്രാമിലും നടക്കുന്ന കാര്യങ്ങള്‍ ചെക്‌പൊയിന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പഠിച്ചുവരികയായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. വില്‍പനക്കാര്‍ ഇപ്പോള്‍ കൂടുതലായി ടെലഗ്രാമിലേക്ക് കുടിയേറിയിരിക്കുകയാണ്.

കാരണം അത് ഡാര്‍ക്‌നെറ്റിനെ പോലെ ഉപയോഗിക്കാന്‍ അത്ര സങ്കീര്‍ണമല്ല. അങ്ങനെ കൂടുതല്‍ പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സീന്‍ എടുക്കാന്‍ താത്പര്യമില്ലാത്തവരും യാത്ര ചെയ്യാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്നു. കൂടാതെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിന്റെ വില 2021 മാര്‍ച്ചു മുതല്‍ വില പകുതിയായി ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വില്‍പനക്കാരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 2021 ഓഗസ്റ്റില്‍ ഏകദേശം 1,000 പേരായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റിരുന്നതെങ്കില്‍ സെപ്റ്റംബറില്‍ എത്തിയപ്പോള്‍ അത് 10,000 ആയി.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ടെലഗ്രാമിൽ ഫാക്റ്റ് ചെക്ക് പരിശോധനയ്ക്കായി അക്കൗണ്ട് ആരംഭിച്ചു

വ്യാജ വാർത്തയെ നേരിടാൻ കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംമായാ ടെലിഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു. 'പിബ് ഫാക്റ്റ് ചെക്ക്' എന്നാണ് ചാനൽ പേര്, ടെലിഗ്രാം ചാനൽ ഉള്ള സർക്കാർ സ്ഥാപനങ്ങളിലൊന്നാണ്, ഇത് കേന്ദ്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാനും അതിന്റെ വരിക്കാരാകാനും ലക്ഷ്യമിടാം.

നേരത്തെ ഫാക്റ്റ് ചെക്കിന്റെ പേരിൽ ഒരു ചാനൽ ടെലിഗ്രാമിൽ പ്രവർത്തിപ്പിക്കപ്പെട്ടു.  PIB ഈ ചാനലുകൾ നീക്കം ചെയ്തു, 2019 നവംബറിൽ സ്ഥാപിതമായ കേന്ദ്ര സർക്കാർ വസ്തുത പരിശോധിക്കുന്നതാണ്  PIB ഫാക്റ്റ് ചെക്ക്.

ടെലിഗ്രാം ആഗോളതലത്തിൽ 1 ബില്യൺ ഡൗൺലോഡുകൾ മറികടന്നു, ഇന്ത്യ ഏറ്റവും വലിയ വിപണിയായി

സെൻസർ ടവർ പങ്കിട്ട ഡാറ്റ അനുസരിച്ച്, ആഗോളതലത്തിൽ ഒരു ബില്യൺ ഡൗൺലോഡുകളുടെ മാർക്ക് മറികടക്കുന്ന ഏറ്റവും പുതിയ ആപ്പായി ടെലിഗ്രാം മാറി. ദുബായ് ആസ്ഥാനമായുള്ള ആപ്പ് 2013 അവസാനത്തോടെ പുറത്തിറക്കിയ ആപ്പ് വെള്ളിയാഴ്ച നാഴികക്കല്ല് മറികടന്നു, മൊബൈൽ ഇൻസൈറ്റ് സ്ഥാപനം ടെക് ക്രഞ്ചിനോട് പറഞ്ഞു. 

ആപ്പിന്റെ മുഖ്യ എതിരാളിയായ വാട്ട്‌സ്ആപ്പ് ടെലിഗ്രാമിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് മാർക്കറ്റ് അതിന്റെ ആജീവനാന്ത ഇൻസ്റ്റാളുകളുടെ ഏകദേശം 22% പ്രതിനിധീകരിക്കുന്നു, സെൻസർ ടവർ പറഞ്ഞു. ഇന്ത്യ തൊട്ടുപിന്നിൽ റഷ്യയും ഇന്തോനേഷ്യയും ഉണ്ട്, ഇത് യഥാക്രമം എല്ലാ ഇൻസ്റ്റാളുകളുടെ 10% ഉം 8% ഉം പ്രതിനിധീകരിക്കുന്നു. ആപ്പിന്റെ ഇൻസ്റ്റാളുകൾ 2021-ൽ ത്വരിതപ്പെടുത്തി, 2021-ന്റെ ആദ്യ പകുതിയിൽ ഏകദേശം 214.7 ദശലക്ഷം ഇൻസ്റ്റാളുകളിൽ എത്തി, ഇത് H1 2020-ലെ 133 ദശലക്ഷത്തിൽ നിന്ന് വർഷം തോറും 61% വർദ്ധിച്ചു, ”അത് കൂട്ടിച്ചേർത്തു. 

ഇൻസ്റ്റാളുകളുടെ എണ്ണം ആപ്പിന്റെ സജീവ ഉപയോക്തൃ അടിത്തറയ്ക്ക് തുല്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ടെലിഗ്രാമിന് ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രതിമാസം 500 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങളെ അതിന്റെ വലിയ ഉപയോക്തൃ അടിത്തറയുമായി ബന്ധപ്പെടുത്തുന്നതിൽ മോശമായി കൈകാര്യം ചെയ്യുന്നതിനൊപ്പം ഡൗൺലോഡുകളിലെ കുതിച്ചുചാട്ടം, എന്നിരുന്നാലും ടെലിഗ്രാം സമീപകാല പാദങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. 

ഈ വർഷം ആദ്യം ഒരു ബില്യൺ ഡോളറിലധികം സമാഹരിച്ച ടെലിഗ്രാം, ലോകമെമ്പാടുമുള്ള പതിനഞ്ചാമത്തെ ആപ്പാണ് 1 ബില്യൺ തവണയോ അതിലധികമോ ഡൗൺലോഡ് ചെയ്തതെന്ന് സെൻസർ ടവർ ടെക്ക്രഞ്ചിനോട് പറഞ്ഞു. സെൻസർ ടവർ അനുസരിച്ച് വാട്ട്‌സ്ആപ്പ്, മെസഞ്ചർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, സ്‌പോട്ടിഫൈ, നെറ്റ്ഫ്ലിക്സ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് ആപ്പുകൾ. (മൊബൈൽ ഗവേഷണ സ്ഥാപനങ്ങൾ Android ഉപകരണങ്ങളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത മിക്ക Google ആപ്പുകളുടെയും ഇൻസ്റ്റാളുകൾ ട്രാക്ക് ചെയ്യുന്നില്ല.)

റിലീസ് ചെയ്തില്ല, പിടികിട്ടാപ്പുള്ളി ടെലിഗ്രാമില്‍ ചോര്‍ന്നു; വേദനയോടെ സംവിധായകൻ ലൈവിൽ

വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുന്‍പേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ ജിഷ്ണു അറിയിച്ചു.

സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് തുടങ്ങിയവരും അണിചേരുന്നു.

'പിടികിട്ടാപ്പുള്ളി' സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്‍ പറയുന്നു
ജിയോ സിനിമയിലൂടെ സിനിമ റിലീസ് ആവുന്നതിനു മുന്‍പ് ഒരുപാടുപേര്‍ എന്നെ വിളിച്ചു. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നേണ്ട അവസരമാണ്. പക്ഷേ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നിയത്. കാരണം വിളിക്കുന്നവരൊക്കെ എന്നോട് പറഞ്ഞത് പടം ടെലിഗ്രാമിലും ടൊറന്‍റിലും വന്നുകഴിഞ്ഞു എന്നാണ്. 2016 മുതലുള്ള എന്‍റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. ഏകദേശം നാലര വര്‍ഷമായി ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ എന്രെ ജീവിതം മാറ്റിവച്ചിട്ട്. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. സിനിമ എന്നത് ഒരു ബിസിനസ് ആണ്. എന്നെപ്പോലെ ഒരു തുടക്കക്കാരനെ വിശ്വസിച്ച് പണം മുടക്കിയ ഒരു നിര്‍മ്മാതാവ് ഉണ്ട്. എന്തോ ഭാഗ്യം കൊണ്ടാവും ജിയോ പോലെ ഒരു വലിയ നെറ്റ്‍വര്‍ക്ക് ഈ കൊറോണ കാലത്തും നമ്മുടെ പടം റിലീസ് ചെയ്യാനായി എടുത്തത്.

പക്ഷേ അപ്പോഴും റിലീസിനു മുന്‍പ് ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍നിന്ന് ലീക്ക് ആവുന്ന അവസ്ഥയാണ്. അവരുടെ പ്ലാറ്റ്ഫോമില്‍ ഫ്രീ ആയിട്ടു കിട്ടും, എന്നിട്ടുകൂടി പൈറേറ്റഡ് കോപ്പി കാണാന്‍ ആളുണ്ട് എന്നതാണ് വസ്‍തുത. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്, സിനിമയുടെ വ്യൂവര്‍ഷിപ്പ് അവരുടെ പ്ലാറ്റ്ഫോമില്‍ കുറയുകയും അതോടുകൂടി മലയാളസിനിമ എന്നത് വിജയം നേടാവുന്ന ഒരു സാധ്യത അല്ലെന്ന് അവര്‍ വിധിയെഴുതുകയും ചെയ്യും.

ഒന്നോ രണ്ടോ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഔദാര്യത്തിലാണ് മലയാളസിനിമ ഇപ്പോള്‍ നടന്നുപോകുന്നത്. ഇതുകൂടി ആവുമ്പോഴേക്ക് മലയാളസിനിമ എടുക്കാന്‍ ആളുകള്‍ കുറയും. എന്നെപ്പോലെ ഒരുപാട് പുതുമുഖ സംവിധായകരും മറ്റു സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. അവരുടെയൊക്കെ അവസ്ഥ ഇനി എന്താവും എന്നത് ഒരു ചോദ്യചിഹ്നമാണ്. വളരെ വിഷമത്തോടെ ഇത് പറയേണ്ടിവന്നതില്‍ സങ്കടമുണ്ട്. ടെലിഗ്രാമില്‍ സിനിമ വന്നു എന്നു പറഞ്ഞ് ഇനി ആരും എന്നെ വിളിക്കണ്ട. എന്‍റെ സിനിമയുടെ റിലീസ് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. നല്ല മനസുള്ളവര്‍ അതില്‍ സിനിമ കാണുക. ഞങ്ങളെ പരമാവധി പിന്തുണയ്ക്കുക.നന്ദി.

സാധനം കയ്യിലുണ്ടോ? ടെലഗ്രാമിൽ ചോദ്യം; ന്യൂജെൻ ലഹരികടത്ത്

വിമാനത്താവളത്തിൽ ആളെ തിരിച്ചറിയാൻ ‘സാധനം കയ്യിലുണ്ടോ’ എന്ന കോഡ് നൽകാൻ പറയുന്ന രംഗം മോഹൻലാലും ശ്രീനിവാസനും ‘സിഐഡി’മാരായെത്തിയ ‘അക്കര അക്കര അക്കര’ എന്ന ചിത്രത്തിലുണ്ട്. എന്നാൽ ഇത്തരം കോഡ് ഭാഷകളെല്ലാം പഴങ്കഥകളാക്കുന്ന രീതികളാണ് ലഹരിമരുന്നു കടത്തിലും വിപണനത്തിലും. ടെലഗ്രാം തുടങ്ങിയ മൊബൈൽ ആപ്പുകളിൽ നൽകുന്ന സന്ദേശമനുസരിച്ചാണ് പല ലഹരിമരുന്നു കടത്തുസംഘങ്ങളുടെയും പ്രവർത്തനം. കാരിയർമാർക്കും മറ്റും ഡിജിറ്റലായി പണമെത്തിക്കാൻ പേയ്മെന്റ് ആപ്പുകളും ഉപയോഗിക്കുന്നതായാണ് വിവരം.

ടെലഗ്രാമിൽ ഗ്രൂപ്പ്, ഡിജിറ്റൽ ഇടപാട്
കഞ്ചാവിൽ തുടങ്ങി ഇടത്തരം ലഹരിമരുന്നുകൾക്കു വരെ കൊച്ചി നഗരത്തിലും മറ്റും സജീവമായ ടെലഗ്രാം ഗ്രൂപ്പുകളുണ്ടെന്നാണ് എക്സൈസിന്റെയും മറ്റും കണ്ടെത്തൽ. ചില ഗ്രൂപ്പുകളിൽ രഹസ്യകോഡുകൾ ഉപയോഗിച്ചാകും വിവരം കൈമാറുക. അതേസമയം കൊക്കെയ്ൻ, എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ വിലയേറിയ ലഹരിമരുന്നുകൾ വ്യക്തികേന്ദ്രീകൃതമായാണ് വിൽപ്പന നടത്തുന്നതെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.

ടെലഗ്രാമിലെ ചില ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണെങ്കിലും ഇടനേരത്തേക്ക് മാത്രം ലിങ്കുകളിൽ ‘ലൊക്കേഷൻ’ സൂചിപ്പിച്ച് ഇടുന്ന സ്ഥലങ്ങളിൽ എത്തി ലഹരി കൈമാറി മടങ്ങുന്ന സംഘങ്ങളെ പിടികൂടാൻ ബുദ്ധിമുട്ടുകൾ ഏറെയാണെന്നാണ് സൂചന. കുറിയർ കൈമാറാനെന്ന വ്യാജേന ടെലഗ്രാം ഗ്രൂപ്പിൽ കൈമാറിയ ലൊക്കേഷൻ ലിങ്കിൽ എത്തിയ ചിലരെ പൊലീസ് പിടികൂടിയതോടെ ഈ നീക്കങ്ങൾക്ക് നഗരത്തിൽ അൽപം ശമനം ഉണ്ടായിട്ടുണ്ട്. പുത്തൻ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിലൂടെയാണ് പലപ്പോഴും ലഹരിക്കു വേണ്ടിയുള്ള പണംകൈമാറ്റമെന്നാണ് വിവരം. നിരന്തരം മാറിമറിയുന്ന പുതുതലമുറ ആപ്പുകളിലും മറ്റും ഉദ്യോഗസ്ഥർക്കുളള അറിവില്ലായ്മയും ചിലപ്പോഴൊക്കെ അന്വേഷണത്തെ ബാധിക്കുന്നതായും സൂചനയുണ്ട്.

കുറിയർ വഴി കൊച്ചിയിൽനിന്ന് നിരവധി സ്ഥലങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ചതായും ഇന്ത്യയിലെ മറ്റു നഗരങ്ങളിൽനിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതായും സ്പെഷൽ ബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അൽപകാലത്തേക്ക് കൃത്യമായ വിവരങ്ങൾ കൈമാറാതെ വാടകയ്ക്ക് എടുക്കുന്ന ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തുന്ന ഇത്തരം ഇടപാടുകൾ പിടിവീഴാൻ സമയമാകുന്നതിനിടെ വാടകക്കാർ തന്നെ അപ്രത്യക്ഷമാകുന്ന സ്ഥിതിയുമുണ്ട്.

കൃത്യമായ തിരിച്ചറിയൽ രേഖകൾ കൂടാതെ ഫ്ലാറ്റുകളും മറ്റും വാടകയ്ക്ക് നൽകരുതെന്ന് ഫ്ലാറ്റ് അസോസിയേഷനുകളും മറ്റും നിർബന്ധിക്കാറുണ്ടെങ്കിലും കോവിഡും മറ്റും ഉയർത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ വാടകയെങ്കിലും കിട്ടട്ടെ എന്ന മനോഭാവത്തിൽ ചില ഫ്ലാറ്റ് ഉടമകൾ ഇതത്ര കാര്യമാക്കാത്തതാണ് വിഷയം സങ്കീർണമാക്കുന്നത്.

ഇനി ഇന്‍ഷൂറന്‍സ്‌ സേവനങ്ങള്‍ ടെലിഗ്രാം മെസഞ്ചറിലും

ഇന്‍സ്റ്റന്റ്‌ മെസേജിങ്‌ ആപ്പായ ടെലിഗ്രാമിലൂടെ നിങ്ങള്‍ക്ക്‌ ഇനി മോട്ടോര്‍ ക്ലെയിം റജിസ്‌റ്റര്‍ ചെയ്യാനും ഇന്‍ഷൂറന്‍സ്‌ പോളിസി പുതുക്കാനും കഴിയും. ഉപഭോക്താക്കള്‍ക്കായി ഐസിഐസിഐ ലൊംബാര്‍ഡാണ്‌ ഇന്‍ഷൂറന്‍സ്‌ ടെലിഗ്രാമിൽ സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്‌.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന @icici_lombard_Bot വഴിയാണ്‌ ഈ സേവനം ടെലിഗ്രാമില്‍ ലഭ്യമാക്കുന്നത്‌. ഇത്തരത്തിലുള്ള സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ നോണ്‍-ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയാണ് ഐസിഐസിഐ ലൊംബാര്‍ഡ്‌.

ടെലിഗ്രാം ചാറ്റ്‌ ബോട്ടില്‍ ഉപഭോക്താക്കള്‍ക്ക്‌ പല തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാകും. മോട്ടര്‍ ക്ലെയിം റജിസ്‌റ്റര്‍ ചെയ്യാനും ക്ലെയിമിന്റെ നിലവിലെ സ്ഥിതി പിന്തുടരാനും കഴിയും. മാത്രമല്ല, ഇന്‍ഷൂറന്‍സ്‌ പോളിസി പുതുക്കാനും പോളിസി രേഖകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും പോളിസിയിലെ വിശദാംശങ്ങള്‍ പരിഷ്‌കരിക്കാനും കഴിയും.

വിഡിയോ കോളിൽ ഒരേസമയം 1000 പേർ; സകലമാന വീഡിയോ കോൾ ആപ്പുകളെയും കാലേ വാരി അടച്ചിരിക്കുകയാണ് ടെലഗ്രാം

ജനപ്രിയ മെസേജിങ് അപ്ലിക്കേഷനായ ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. പുതിയ ഫീച്ചർ പ്രകാരം വിഡിയോ കോളിൽ ഒരേസമയം ആയിരം പേരെ ഉൾപ്പെടുത്താൻ കഴിയും. മാത്രമല്ല, ടെലിഗ്രാമിൽ ഇപ്പോൾ വിഡിയോ കോളുകളിൽ ഓഡിയോ ഉൾപ്പടെ സ്ക്രീൻ പങ്കിടാനും സാധിക്കും. ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതോടെയാണ് ടെലഗ്രാമിന്റെ ഡൗൺലോഡിങ് കുത്തനെ കൂടിയത്. ടെലഗ്രാമും മറ്റ് മെസേജിങ് അപ്ലിക്കേഷനായ സിഗ്നലും എല്ലാം വാട്സാപ്പിനേക്കാൾ സുരക്ഷിതമാണെന്നാണ് മിക്കവരും കരുതുന്നത്.

ഭൂമിയിലെ എല്ലാവർക്കും ഒരു ഗ്രൂപ്പ് കോളിൽ ചേരാൻ സാധിക്കുന്നത് വരെ ഈ പരിധി ഉയർത്തൽ തുടരുമെന്നാണ് ടെലഗ്രാം അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഏകദേശം 1000 പേരെ വിഡിയോ കോളിൽ ചേരാൻ അനുവദിച്ചിട്ടുണ്ട്. അതേസമയം, ഗ്രൂപ്പ് കോളിലെ 30 പേർക്ക് അവരുടെ ക്യാമറയിൽ നിന്നും സ്ക്രീനിൽ നിന്നും വിഡിയോ മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും സാധിക്കും. ഓൺലൈൻ പ്രഭാഷണങ്ങൾക്കും സെമിനാറുകൾക്കും നിരവധി പേർ പങ്കെടുക്കുന്ന ഓൺലൈൻ പരിപാടികൾക്കും ടെലഗ്രാമിന്റെ പുതിയ മാറ്റം ഉപയോഗപ്രദമാകും.
© All Rights Reserved
Made With by InFoTel