ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വന്‍ പ്രശ്‌നമായിരിക്കുകയാണ് എന്ന് ചെക് പോയിന്റ് റിസേര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ എടുത്തുവെന്ന രേഖ കാണിക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് വ്യാജ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ നിർമിക്കാമെന്ന ധാരണ വ്യാപിച്ചതെന്നു പറയുന്നു. വാക്‌സീന്‍ പാസ്‌പോര്‍ട്ട് മാത്രമല്ല ടെസ്റ്റ് റിസള്‍ട്ടുകളും പണം കൊടുത്തു വാങ്ങാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ വ്യാജ വാക്‌സീന്‍ സർട്ടിഫിക്കറ്റ് നിര്‍മാണം വന്‍ കച്ചവടമായി വളര്‍ന്നു കഴിഞ്ഞു.
റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ക്കുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാജ ടെസ്റ്റ് റിസള്‍ട്ടുകളും ടെലഗ്രാം ആപ് വഴി വാങ്ങാന്‍ സാധിക്കുമെന്നും ഇതിന് 75 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 5,500 രൂപയാണ് നല്‍കേണ്ടത് എന്നുമാണ്. നേരത്തെയും ഇപ്പോഴും ഇന്ത്യയടക്കമുളള പല രാജ്യങ്ങളും ഒരു സ്ഥലത്തുനിന്ന് വേറൊരിടത്തേക്ക് സഞ്ചരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്നുണ്ട്. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകളോ, കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടുകളോ കയ്യില്‍ വയ്‌ക്കേണ്ടതായുണ്ട്. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുകള്‍ കുറവാണ് എന്നതാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കണമെങ്കില്‍ ആര്‍ടി-പിസിആര്‍ (കോവിഡ് നെഗറ്റീവ്) ടെസ്റ്റ് റിസള്‍ട്ടോ, രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ കാണിക്കണം.
ചെക് പോയിന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 മാര്‍ച്ച് വരെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഡാര്‍ക് നെറ്റിലൂടെ മാത്രമായിരുന്നു സാധ്യമായിരുന്നത്. എന്നാലിപ്പോള്‍, കൂടുതല്‍ പേർ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചു വില്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. അവ സമ്പാദിക്കാന്‍ ഡാര്‍ക്‌നെറ്റിനെ ആശ്രയിക്കേണ്ടതില്ല, മറിച്ച് വാട്‌സാപ് പോലെയുളള മെസേജിങ് ആപ്പായ ടെലഗ്രാം വഴിയും വാങ്ങാം! കഴിഞ്ഞ ഒരു വര്‍ഷമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഡാര്‍ക്‌നെറ്റിലും ടെലഗ്രാമിലും നടക്കുന്ന കാര്യങ്ങള്‍ ചെക്‌പൊയിന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പഠിച്ചുവരികയായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. വില്‍പനക്കാര്‍ ഇപ്പോള്‍ കൂടുതലായി ടെലഗ്രാമിലേക്ക് കുടിയേറിയിരിക്കുകയാണ്.
കാരണം അത് ഡാര്‍ക്‌നെറ്റിനെ പോലെ ഉപയോഗിക്കാന്‍ അത്ര സങ്കീര്‍ണമല്ല. അങ്ങനെ കൂടുതല്‍ പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സീന്‍ എടുക്കാന്‍ താത്പര്യമില്ലാത്തവരും യാത്ര ചെയ്യാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്നു. കൂടാതെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിന്റെ വില 2021 മാര്‍ച്ചു മുതല്‍ വില പകുതിയായി ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വില്‍പനക്കാരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 2021 ഓഗസ്റ്റില്‍ ഏകദേശം 1,000 പേരായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റിരുന്നതെങ്കില്‍ സെപ്റ്റംബറില്‍ എത്തിയപ്പോള്‍ അത് 10,000 ആയി.
No comments
Post a Comment