പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പ്രവർത്തകൻ ബോറിസ് പിസ്റ്റോറിയസ്. ആപ്പിളിന്‍റെയും ഗൂഗ്ളിന്റെയും ആപ്പ് സ്റ്റോറുകളിൽ നിന്നും ടെലഗ്രാം നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. തീവ്രവാദ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിനുള്ള അഭ്യർത്ഥനകൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ആപ്പ് നിരോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
വാക്സിൻ വിരുദ്ധർക്ക് അവരുടെ ആശയം വ്യാപകമായി പ്രചരിപ്പിക്കാൻ അവസരം നൽകിയതിന് ടെലഗ്രാം ജർമ്മനിയിൽ വിമർശനമേറ്റുവാങ്ങിയിരുന്നു. ആപ്പിലൂടെ വാക്സിനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
"സർക്കാർ സെൻസർഷിപ്പിന്" വഴങ്ങില്ലെന്ന നിലപാട് സ്വീകരിക്കുന്നതിനാൽ ടെലഗ്രാമിന്, ജർമനിയിലെ ആക്ടിവിസ്റ്റുകൾക്കും പ്രതിഷേധക്കാർക്കും ഇടയിൽ വലിയ പ്രചാരമാണുള്ളത്, പ്രത്യേകിച്ചും 'നുണകളും ഭീഷണികളും ഗൂഢാലോചന സിദ്ധാന്തങ്ങളും' പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള സർക്കാർ സമ്മർദ്ദത്തിന് ഫേസ്ബുക്ക് (Facebook) പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴങ്ങുന്ന സാഹചര്യത്തിൽ. അതേസമയം, വിഷയത്തിൽ ടെലിഗ്രാം പ്രതികരണം അറിയിച്ചിട്ടില്ല.
No comments
Post a Comment