സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ ചട്ടം അനുസരിച്ച് പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. ഓൺലൈൻ വഴി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ വിൽക്കുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങൾ ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് പല പേരുകളിലാണ് പ്രത്യേകിച്ച് ഡിജിറ്റൽ കേരള ലോട്ടറി എന്ന പേരിലുള്ള ഗ്രൂപ്പിലാണ് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകമായി പ്രവർത്തിക്കുന്നത്.
ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഫോട്ടോ ഗ്രൂപ്പിൽ ഇടുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് ഇഷ്ടമുള്ള നമ്പർ അഡ്‌മിനെ അറിയിച്ചാൽ ഗൂഗിൾ പേയോ ഫോൺ പേയോ വഴി പണം കൈമാറണം. ടിക്കറ്റിന് സമ്മാന തുകയുണ്ടെങ്കിൽ അത് ഓൺലൈനായി അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് വാഗ്ദാനം. ഒരു ലോട്ടറി തന്നെ പല ഗ്രൂപ്പുകളിലേക്ക് വിൽക്കാനും സാധ്യതയുണ്ട്.
സമ്മാനമടിച്ചാൽ മാത്രം ഇതിനകത്ത് തർക്കമുണ്ടാകുകയുള്ളു അതുകൊണ്ടുതന്നെ തട്ടിപ്പിന്റെ സാധ്യകൾ കൂടി ഇതിൽ കൂടുതലായി വരുന്നു. ഈ സാഹചര്യത്തിൽ നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം.
No comments
Post a Comment