Showing posts with label movies. Show all posts
Showing posts with label movies. Show all posts

സിനിമയുടെ വ്യാജന്‌ സ്‌പോൺസർമാരായി വാതുവയ്‌പ്‌ വെബ്‌സൈറ്റുകൾ

‘തല്ലുമാല’ വ്യാജ പതിപ്പിന്റെ ടെലിഗ്രാം ലിങ്കിലെ പോസ്റ്റർ
പുതിയ മലയാള ചിത്രങ്ങളുടെ വ്യാജ പ്രിന്റുകളും അവയുടെ ലിങ്കും ടെലിഗ്രാമിലടക്കം പ്രചരിപ്പിക്കുന്നതിന്‌ പണമിറക്കാൻ ഓൺലൈൻ വാതുവയ്‌പ്‌ വെബ്‌സൈറ്റുകൾ. തങ്ങളുടെ പരസ്യം സിനിമയിലൂടെ പ്രചരിപ്പിക്കാൻ വ്യാജപതിപ്പുകൾ ഇറക്കുന്നവർക്ക്‌ ക്രിപ്‌റ്റോ കറൻസിയിൽ പ്രതിഫലം നൽകിയാണ്‌ ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനം. ടെലിഗ്രാമിലും പൈറസി വെബ്‌സൈറ്റുകളിലും വെബ്‌സൈറ്റുകളുടെ വ്യൂഹമായ ടൊറന്റിലുമാണ്‌ ‘വ്യാജൻ’ തകർത്തോടുന്നത്‌.

വിദേശത്തുനിന്ന്‌ പ്രവർത്തിക്കുന്ന രാജ്‌ബെറ്റ്‌, വൺ എക്‌സ്‌ ബെറ്റ്‌ തുടങ്ങിയ വെബ്‌സൈറ്റുകളാണ്‌ പ്രധാനമായും പണമിറക്കുന്നത്‌. ഇവയുടെ പരസ്യവും ലോഗോയും വാട്ടർമാർക്കുമായാണ്‌ മിക്ക വ്യാജ പതിപ്പുകളും ഇറങ്ങുന്നതെന്ന്‌ ആന്റി പൈറസി സർവീസായ ഒബ്‌സ്‌ക്യുറയുടെ പ്രവർത്തകർ പറയുന്നു.
തമിൾ ബ്ലാസ്‌റ്റേഴ്‌സ്‌, വൺ തമിൾ എംവി തുടങ്ങിയ വെസ്‌സൈറ്റുകളിലാണ്‌ സിനിമകൾ പ്രധാനമായും അപ്‌ലോഡ്‌ ചെയ്യുന്നത്‌. ദിവസം എട്ടുലക്ഷത്തോളം സന്ദർശകരാണ്‌ ഇവയ്‌ക്കുള്ളത്‌. ഇതിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യുന്ന പ്രിന്റുകളും അവയുടെ ലിങ്കുമാണ്‌ ടെലിഗ്രാമിൽ എത്തുന്നത്‌.

അടുത്തിടെ തിയറ്ററിൽ റിലീസായ ന്നാ താൻ കേസ്‌ കൊട്‌, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലും ടൊറന്റ്‌ സൈറ്റുകളിലും പ്രചരിച്ചത്‌ റിലീസ്‌ ചെയ്‌ത്‌ 24 മണിക്കൂറിനകമാണ്‌. വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത മൈക്കിന്റെ വ്യാജ പതിപ്പും മണിക്കൂറുകൾക്കകം പൈറസി വെബ്‌സൈറ്റുകളിൽ എത്തി.

ടെലിഗ്രാമിൽ പ്രചരിക്കുന്ന ലിങ്കുകൾ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെ നീക്കം ചെയ്യുന്നത്‌ സിനിമാമേഖലയിൽ പതിവായിരിക്കുകയാണ്‌. സിനിമയുടെ പ്രചാരണത്തിനൊപ്പം ഇതിനും നിർമാതാക്കൾ പണം മാറ്റിവയ്‌ക്കുന്നു. രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ ഇതിന്‌ ചെലവുണ്ട്‌. രണ്ട്‌ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെയാണ്‌ ‘തല്ലുമാല’യുടെ വ്യാജ പതിപ്പിന്റെ ലിങ്കുകൾ നീക്കം ചെയ്യുന്നതെന്ന്‌ നിർമാതാവ്‌ ആഷിഖ്‌ ഉസ്‌മാൻ പറഞ്ഞു. വ്യാജ പതിപ്പുകളുടെ ലിങ്കുകൾ പ്രചരിക്കുന്നത്‌ തടയാൻ നടപടിയെടുക്കണമെന്ന്‌ ടെലിഗ്രാമിനോട്‌ കേന്ദ്രസർക്കാർ ആവശ്യപ്പെടണമെന്ന്‌ കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ ജി സുരേഷ്‌കുമാർ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്‌ ഫിലിം ചേംബർ.



റിലീസായി മണിക്കൂറുകൾക്കുള്ളിൽ അമീർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ ടൊറന്റിലും ടെലിഗ്രാമിലുമെത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ എത്തിയ അമീർ ഖാൻ ചിത്രമാണ് ലാൽ സിങ്ങ് ഛദ്ദ. റിലീസായി ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ്. എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം ഒരു തിരിച്ചടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സ് എത്തി. ഇതിന് പിന്നാലെ മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും അമീർ ഖാൻ ചിത്രത്തിന്റെ വ്യാജ പതിപ്പെത്തി. അതും എച്ച്ഡി ക്വാളിറ്റിയിലുള്ള ചിത്രത്തിന്റ വ്യാജ പതിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

സമാനമായി മറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ഭൂൽ ഭൂല്ലയ്യ 2, ജഗ്ജഗ്ഗ് ജീയോ, പുഷ്പ, ബീസ്റ്റ്, 83, ആർആർആർ എന്നീ ചിത്രങ്ങളും സമാനമായി റിലീസായ ദിവസങ്ങളിൽ വ്യാജപതിപ്പ് ടെലിഗ്രാമിലും ടൊറന്റ് വെബ്സൈറ്റുകളിലുമെത്തിയിരുന്നു. കൂടാതെ ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പും സമാനമായ രീതിയിൽ ടൊറന്റ്, ടെലിഗ്രാം പ്ലാറ്റ്ഫോമുകളിൽ എത്താറുണ്ട്.

ട്രയിലർ പോലും ഇറങ്ങിയില്ല; ടെലഗ്രാമിൽ ആറാട്ടും ഭീഷ്മ പർവവും റിലീസ് ആയി

പുതിയ സിനിമ റിലീസ് ചെയ്താൽ അപ്പോൾ തന്നെ ടെലഗ്രാമിൽ സിനിമ അന്വേഷിക്കുന്ന കുറേ പേരെങ്കിലും ഉണ്ടാകും. പൈറസിക്കെതിരെ നടപടികൾ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ സിനിമയുടെ വ്യാജ കോപ്പികൾ നിയമവിരുദ്ധമായി അപ് ലോഡ് ചെയ്യുന്നവരും ഡൗൺലോഡ് ചെയ്തു കാണുന്നവരുമായി നിരവധി പേരുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പുതിയ സിനിമയുടെ പേരിൽ പഴയ സിനിമ അപ് ലോഡ് ചെയ്യുന്നവരും ഉണ്ട്. ഏതായാലും ഇതുവരെ ട്രയിലർ പോലും ഇറങ്ങാത്ത സിനിമകളും റിലീസ് ആയ പുതിയ ചിത്രങ്ങൾക്കൊപ്പം ടെലഗ്രാമിൽ എത്തിയിട്ടുണ്ട് എന്നതാണ് അത്ഭുതാവഹം.
                                    


ഇതുവരെ ട്രയിലർ പോലും ഇറങ്ങിയിട്ടില്ലാത്ത ഭീഷ്മ പർവം, ആറാട്ട് എന്നീ സിനിമകൾ ആണ് ടെലഗ്രാമിലുണ്ടെന്ന് കാണിക്കുന്നത്. തമിൾ റോക്കേഴ്സ്, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ഗ്രൂപ്പുകളിലാണ് സിനിമകൾ കാണിക്കുന്നത്. കൂടാതെ റിലീസ് ആയിട്ടില്ലാത്ത സല്യൂട്ട്, നാരദൻ, കള്ളൻ ഡിസൂസ, തുറമുഖം എന്നീ ചിത്രങ്ങളുടെ ഫയലുകളും കാണിക്കുന്നുണ്ട്. ഓരോ ചാനലിന്റെയും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം മാത്രം ഫയൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയെന്നും അല്ലാത്തപക്ഷം ഫയൽ ഡൗൺലോഡ് ആകുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നുമുണ്ട്. കഴിഞ്ഞയിടെ റിലീസ് ആയ സൂപ്പർ ശരണ്യ എന്ന ചിത്രവും കാണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ട്രോളുകളും ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ‘ട്രയിലറു പോലും വരാത്ത ആറാട്ടിന്റെയും ഭീഷ്മ പർവ്വത്തിന്റെയും പ്രിന്റ് ഇറക്കിയ ടെലിഗ്രാം ഒരു കില്ലാടി തന്നെ’യാണെന്നാണ് ട്രോളൻമാർ പറയുന്നത്.

മിന്നൽ മുരളി റിലീസ് ചെയ്ത സമയത്ത് ടെലഗ്രാമിൽ വ്യാജ പതിപ്പുകളെ പ്രതിരോധിക്കാൻ മിന്നൽ മുരളിയെന്ന പേരിൽ പഴയ സിനിമകൾ അപ് ലോഡ് ചെയ്തത് വൈറലായിരുന്നു. ഏതായാലും ട്രോളുകളുടെ താഴെ രസകരമായ കമന്റുകളാണ് വരുന്നത്. വല്ല ടൈം മെഷീനും ഉപയോഗിച്ച് ഇവരൊക്കെ ഭാവിയിലേക്ക് പോയോ എന്നാണ് ചിലരുടെ സംശയം.

ടെലിഗ്രാമിൽ ‘മിന്നൽ മുരളി’; വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ

ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമാകുന്ന ബേസിൽ ജോസഫിൻ്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി ഇന്നലെ ഉച്ചയ്‌ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. പതിവ് പോലെ തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിൻ്റെ വ്യാജൻ ടെലഗ്രാമിലും വന്നു. എന്നാൽ ഇത്തവണ ചെറിയൊരു ട്വിസ്റ്റുണ്ട്. വ്യാജൻ കാണുന്നവർക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.

മിന്നൽ മുരളി എന്ന പേരിൽ പ്രചരിച്ച ഫയലുകളിൽ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്ത് നോക്കിയ പലർക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസിൽ ജോസഫ് തന്നെയാണോ മിന്നൽ മുരളിയുടേതെന്ന പേരിൽ ഇത്തരം ഫയലുകൾ അപ്ലോഡ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്.

അതേസമയം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതിരുന്നതിന്റെ വേദനയും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

ടെലഗ്രാം നിരോധനം; അതിൻ്റെ ആവശ്യമുണ്ടോ എന്ന് മലയാളികൾ?

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾക്കകം ടെലിഗ്രാം ഗ്രൂപ്പുകളിൽ എത്തുന്നത് ഇപ്പോൾ സജീവമാണ്. നിരവധി സംവിധായകരും സിനിമാ മേഖലയിലെ ആളുകളും ഇതിനെതിരെ പലപ്പോഴും ശക്തമായി പ്രതിഷേധിക്കാർ ഉണ്ട്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം 2 നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ എത്തിയപ്പോൾ ചിത്രത്തിൻറെ സംവിധായകനായ ജിത്തു ജോസഫ് ശക്തമായി അതിനെതിരെ പ്രതിഷേധിച്ചിരുന്നു.

അതുപോലെതന്നെ ടെലിഗ്രാമിനെതിരെ പ്രതിഷേധവുമായി തീരുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. താര ത്തിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഡിസംബർ 24 ന് ക്രിസ്മസ് തലേന്ന് ഒ.ടി.ടിയിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ടോവിനോയെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ ഒട്ടുമിക്ക സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന ബഹുമതിയും ഈ സിനിമക്ക് ഉണ്ട്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത് കാരണം നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ ആ സിനിമ എത്തുമെന്ന ഭീതിയിൽ ടെലിഗ്രാമിതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകനായ ബേസിൽ


റിലീസ് ചെയ്ത നിമിഷങ്ങൾക്കകം സിനിമകൾ ടെലഗ്രാം ഗ്രൂപ്പുകളിൽ എത്തുന്നത് സിനിമ മേഖലയ്ക്ക് ഭീഷണിയാണെന്നും, അതുകൊണ്ട് ടെലിഗ്രാം ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബേസിൽ രംഗത്തെത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ബേസിൽ തൻറെ ഈ അഭിപ്രായം തുറന്നു പറഞ്ഞത്.
ബേസിൽ ജോസഫിൻറെ വാക്കുകളിലൂടെ. “ഫയൽ ഷെയറിങ് ആപ്പ് ആയതിനാൽ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാൽ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയാണ്. അതിലെ ഗ്രൂപ്പുകളിലേക്ക് തീയേറ്റർ റിലീസ് ആയ ചിത്രങ്ങളും ഒ.ടി.ടി റിലീസ് ആയ ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ല ഓർത്തു ആശങ്കയുണ്ട്. അതേസമയം വാർത്ത പ്രസിദ്ധീകരിച്ച ഒരു ചാനലിൻ്റെ കമൻറ് ബോക്സിൽ തന്നെ താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി ബേസിൽ ജോസഫ് രംഗത്തെത്തി. ഈ കമൻറ് ഇപ്പോൾ വൈറൽ ആണ്.

ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി മലയാളത്തിലെ മറ്റൊരു സംവിധായകനും നടനുമായ സാജിദ് യഹിയയും ആവശ്യപ്പെട്ടു.സാജിദ് യഹിയയുടെ വാക്കുകളിലൂടെ.
“ഒരു ഗ്രൂപ്പിൽ സിനിമ എത്തി അത് ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്ക് പുതിയ ചിത്രത്തിൻ്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എത്രയൊക്കെ തടയിടാൻ ശ്രമിച്ചാലും ഫലം ഉണ്ടാകില്ല. ആ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ല.”

സിനിമ മേഖലയ്ക്കു ഭീഷണി; ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി ബേസിൽ ജോസഫും സാജിദ് യഹിയയും

ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാമേഖലയ്ക്ക് ഭീഷണിയാണെന്നും ബേസിൽ ജോസഫും സജിദ് യഹിയയും.

ബേസില്‍ ജോസഫ് പറഞ്ഞത്: ''ഫയല്‍ ഷെയറിംഗ് ആപ്പായതിനാല്‍ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണ്. ടെലഗ്രാം ഒരു ആപ്പെന്ന നിലയില്‍ നിരോധിക്കാന്‍ പറ്റില്ലായിരിക്കാം. പക്ഷേ അതിലെ ഗ്രൂപ്പുകളിലേക്ക് തീയറ്റര്‍ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ലായെന്നോര്‍ത്ത് ആശങ്കയുണ്ട്.''

സിനിമ മേഖലയിലുള്ളവർ ഇതിനെതിരെ എത്ര തന്നെ ജാഗ്രത പുലർത്തിയാലും പുത്തൻ ചിത്രങ്ങൾ ടെലിഗ്രാമിൽ വരുന്നുണ്ടെന്നു സംവിധായകൻ സാജിദ് യഹിയയും അഭിപ്രായപ്പെട്ടു. തിയറ്ററിലും ഒടിടിയിലുമായി ഇറങ്ങുന്ന ചിത്രങ്ങൾ ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ വരുന്നതു സർവ സാധാരണമായി. ടെലിഗ്രാമിലുള്ള ഒരു ഗ്രൂപ്പിൽ സിനിമ എത്തി അതു ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്കു പുതിയ ചിത്രത്തിന്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. ഈ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ലെന്നും സാജിദ് പറഞ്ഞു.

മരക്കാറിന്റെ വ്യാജപ്രിന്റ് ടെലി​ഗ്രാമിലൂടെ പ്രചരിപ്പിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

കഴിഞ്ഞ ദിവസം തിയറ്ററിൽ റിലീസ് ചെയ്ത മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ടെലി​ഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് അറസ്റ്റിലായത്. ചിത്രത്തിന്റെ വ്യാജപ്രിന്റ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

പല ​ഗ്രൂപ്പുകളിലേക്കും സിനിമ അയച്ചു
നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നു രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയത്. മൊബൈൽ കടയുടമയാണ് നസീഫ്.

കൂടുതൽ പേർ അറസ്റ്റിലാകും
മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ചിത്രം ടെലി​ഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ യൂട്യൂബിലും വന്നിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്.

റിലീസ് ചെയ്തില്ല, പിടികിട്ടാപ്പുള്ളി ടെലിഗ്രാമില്‍ ചോര്‍ന്നു; വേദനയോടെ സംവിധായകൻ ലൈവിൽ

വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുന്‍പേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ ജിഷ്ണു അറിയിച്ചു.

സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് തുടങ്ങിയവരും അണിചേരുന്നു.

'പിടികിട്ടാപ്പുള്ളി' സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്‍ പറയുന്നു
ജിയോ സിനിമയിലൂടെ സിനിമ റിലീസ് ആവുന്നതിനു മുന്‍പ് ഒരുപാടുപേര്‍ എന്നെ വിളിച്ചു. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നേണ്ട അവസരമാണ്. പക്ഷേ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നിയത്. കാരണം വിളിക്കുന്നവരൊക്കെ എന്നോട് പറഞ്ഞത് പടം ടെലിഗ്രാമിലും ടൊറന്‍റിലും വന്നുകഴിഞ്ഞു എന്നാണ്. 2016 മുതലുള്ള എന്‍റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. ഏകദേശം നാലര വര്‍ഷമായി ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ എന്രെ ജീവിതം മാറ്റിവച്ചിട്ട്. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. സിനിമ എന്നത് ഒരു ബിസിനസ് ആണ്. എന്നെപ്പോലെ ഒരു തുടക്കക്കാരനെ വിശ്വസിച്ച് പണം മുടക്കിയ ഒരു നിര്‍മ്മാതാവ് ഉണ്ട്. എന്തോ ഭാഗ്യം കൊണ്ടാവും ജിയോ പോലെ ഒരു വലിയ നെറ്റ്‍വര്‍ക്ക് ഈ കൊറോണ കാലത്തും നമ്മുടെ പടം റിലീസ് ചെയ്യാനായി എടുത്തത്.

പക്ഷേ അപ്പോഴും റിലീസിനു മുന്‍പ് ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍നിന്ന് ലീക്ക് ആവുന്ന അവസ്ഥയാണ്. അവരുടെ പ്ലാറ്റ്ഫോമില്‍ ഫ്രീ ആയിട്ടു കിട്ടും, എന്നിട്ടുകൂടി പൈറേറ്റഡ് കോപ്പി കാണാന്‍ ആളുണ്ട് എന്നതാണ് വസ്‍തുത. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്, സിനിമയുടെ വ്യൂവര്‍ഷിപ്പ് അവരുടെ പ്ലാറ്റ്ഫോമില്‍ കുറയുകയും അതോടുകൂടി മലയാളസിനിമ എന്നത് വിജയം നേടാവുന്ന ഒരു സാധ്യത അല്ലെന്ന് അവര്‍ വിധിയെഴുതുകയും ചെയ്യും.

ഒന്നോ രണ്ടോ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഔദാര്യത്തിലാണ് മലയാളസിനിമ ഇപ്പോള്‍ നടന്നുപോകുന്നത്. ഇതുകൂടി ആവുമ്പോഴേക്ക് മലയാളസിനിമ എടുക്കാന്‍ ആളുകള്‍ കുറയും. എന്നെപ്പോലെ ഒരുപാട് പുതുമുഖ സംവിധായകരും മറ്റു സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. അവരുടെയൊക്കെ അവസ്ഥ ഇനി എന്താവും എന്നത് ഒരു ചോദ്യചിഹ്നമാണ്. വളരെ വിഷമത്തോടെ ഇത് പറയേണ്ടിവന്നതില്‍ സങ്കടമുണ്ട്. ടെലിഗ്രാമില്‍ സിനിമ വന്നു എന്നു പറഞ്ഞ് ഇനി ആരും എന്നെ വിളിക്കണ്ട. എന്‍റെ സിനിമയുടെ റിലീസ് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. നല്ല മനസുള്ളവര്‍ അതില്‍ സിനിമ കാണുക. ഞങ്ങളെ പരമാവധി പിന്തുണയ്ക്കുക.നന്ദി.

‘ബനേർഘട്ട’ വ്യാജ പതിപ്പ്; ടെലിഗ്രാം നിരോധിക്കണമെന്ന് സംവിധായകൻ

ഈ മാസം 25ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ‘ബനേർഘട്ട’. റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജൻ ടെലിഗ്രാമിലൂടെ പ്രചരിക്കുവാൻ തുടങ്ങിയതോടെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്‍ണു നാരായണന്‍.

സ്റ്റോപ്പ് പൈറസി എന്ന് എഴുതിയതുകൊണ്ട് മാത്രം ഇത് നിൽക്കാൻ പോകുന്നില്ല. പൈറസിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും, ടെലിഗ്രാം നിരോധിക്കണമെന്നും വിഷ്ണു പറയുന്നു. ടെലിഗ്രാം വഴി പ്രചരിക്കുന്ന ചിത്രത്തിന്‍റെ ലിങ്കുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് സംവിധായകന്‍റെ പ്രതികരണം.

‘സ്വന്തം സിനിമ ടെലിഗ്രാമില്‍ വന്നപ്പോൾ മാത്രം ഇവൻ പ്രതികരിക്കാൻ വന്നു എന്നു ചിന്തിച്ചു മനസ്സിൽ തെറിവിളിക്കുന്നവർ ഉണ്ടാകും. മറ്റാരും പ്രതികരിച്ചു കണ്ടില്ല. അതാ.. Stop Piracy എന്ന് എല്ലാരും എഴുതി കാണിക്കാറുണ്ട്. ആ എഴുത്തിൽ അവസാനിക്കുന്നു എല്ലാം. ബനേര്‍ഘട്ടയുടെ അവസ്ഥ മാത്രമല്ല ഇത്. ഒട്ടുമിക്ക സിനിമകളുടെ അവസ്ഥയും ഇതുതന്നെയാണ്. അതിൽ വലിയ സിനിമ ചെറിയ സിനിമ എന്നൊന്നും ഇല്ല. ഒരു സിനിമ ചെയ്തു നോക്കണം, അപ്പൊ മനസിലാകും. പ്രതികരിക്കണം എന്നു തോന്നുന്നവര്‍ക്കു പ്രതികരിക്കാം. #bantelegram’, വിഷ്‍ണു നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിഷ്ണു നാരായണന്റെ ആദ്യ ചിത്രമാണ് ബനേർഘട്ട. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ബനേര്‍ഘട്ടയില്‍ നായകനാവുന്നത് ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്‍ണന്‍ ആണ്. കോപ്പിറൈറ്റ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്‍ണനും ചേര്‍ന്നാണ്. ഛായാഗ്രഹണം ബിനു. എഡിറ്റിംഗ് പരീക്ഷിത്ത്. സംഗീതം റീജൊ ചക്കാലക്കല്‍.

റീലിസിന് തൊട്ടുപിന്നാലെ ‘മാലിക്’ ടെലിഗ്രാമില്‍

ഒ.ടി.ടി റീലിസിന് തൊട്ടുപിന്നാലെ ഫഹദ് ചിത്രം മാലിക് ചോര്‍ന്നു. ചിത്രത്തിന്റെ പകര്‍പ്പ് ടോറന്റ് സൈറ്റിൽ വന്നതിന് ശേഷം ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’ മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.

ടെലിഗ്രാം ഒരു ഒടിടി പ്ലാറ്റ്‌ഫോമാണെന്ന് പലരും കരുതുന്നു'; വ്യാജപതിപ്പുകൾക്കെതിരെ ഓപ്പറേഷൻ ജാവ സംവിധായകൻ

ടെലിഗ്രാമിലൂടെ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തി. പലരും ടെലിഗ്രാമിനെ ഒരു ഒടിടി പ്ലാറ്റ്‌ഫോമായാണ് കാണുന്നതെന്നും ഓപ്പറേഷൻ ജാവ എന്ന് ടെലിഗ്രാമിൽ എത്തുമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫെബ്രുവരി മാസമേ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സൈബർ സെല്ലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമായിരുന്നു സംസാരിച്ചത്. അതിൽ തന്നെ ആദ്യ കേസാകട്ടെ സിനിമ പൈറസിയെക്കുറിച്ചും.

അതേസമയം ബിരിയാണി എന്ന ചിത്രത്തിന്റയെ സംവിധായകൻ സജിൻ ബാബുവും ടെലിഗ്രാമിലൂടെ സിനിമ കാണുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഏഴ് മണിക്കൂറില്‍ പന്ത്രണ്ടായിരം കാഴ്ചക്കാരുമായി 'ബിരിയാണി', ടെലഗ്രാമില്‍ വ്യാജന്‍ കാണരുതെന്ന് സംവിധായകന്‍


സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത് ഏഴ് മണിക്കൂറിനകം കണ്ടത് പന്ത്രണ്ടായിരം പേര്‍. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാന്‍ ശ്രമിക്കരുതെന്നും കേവ് വഴി തന്നെ കാണണമെന്നും സംവിധായകന്‍ സജിന്‍ ബാബു. കനി കുസൃതി കേന്ദ്രകഥാപാത്രമായ ബിരിയാണി നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ക്ക് ശേഷമാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെത്തുന്നത്.


സജിന്‍ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് എക്‌സ് എന്ന ആന്റി പൈറസി കമ്പനിയും ടെലിഗ്രാം ഗ്രൂപ്പുകളും തമ്മില്‍ സാറ്റ് കാളി നടക്കുന്നു. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാതെ കേവ് എന്ന ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 99രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

‘വണി’ന്‍റെ വ്യാജ പ്രിന്‍റ് വ്യാപകം; കടുത്ത നടപടികളുമായി അണിയറ പ്രവർത്തകർ

മമ്മൂട്ടി നായകനായ വണ്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വേറിട്ട രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയാകുന്നത്. ഇതിനിടെ ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ കടുത്ത നടപടികളുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

വണിന്‍റെ വ്യാജ പ്രിന്‍റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അഡ്മിൻമാരുടെ വിവരങ്ങളും ചാനൽ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി 188000 ഫോളോവേർസുള്ള തമിഴ് റോക്കേർസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ടെലിഗ്രാം ചാനൽ ഉൾപ്പടെ പല ചാനലുകളും മുഴുവനായും ബാന്‍ ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ചാനലിലെ അഡ്മിൻ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു.

സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങൾ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികൾ തന്നെ കൈക്കൊള്ളുകയും ചെയ്യും.

സിനിമയെ സ്നേഹിക്കുന്നവർ സിനിമ കൊട്ടകകളിൽ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ONEന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും...

Posted by One Movie on Tuesday, 30 March 2021
© All Rights Reserved
Made With by InFoTel