മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി അവകാശപ്പെട്ട് കമ്പനി. ടെലഗ്രാം കാട്ടുതീ പോലെ പ്രചരിക്കുകയാണെന്നും ഒരു വര്‍ഷം കൊണ്ട് ടെലഗ്രാമിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യൽ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യന്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വികെയുടെ സഹസ്ഥാപകനാണ് പാവെല്‍ ദുരോവ്. വികെയെ റഷ്യന്‍ ഭരണകൂടം ഏറ്റെടുത്തതോടെ പാവെല്‍ ദുരോവും സഹസ്ഥാപകനായ സഹോദരന്‍ നികോളായും വികെ വിട്ടു.
2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പെട്ട രാജ്യങ്ങളില്‍ ഇപ്പോഴും വലിയ സ്വാധീനം ടെലഗ്രാമിനുണ്ട്.
ടെലഗ്രാമിലെ പ്രതിപക്ഷ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം അംഗീകരിക്കാത്ത ദുരോവ് റഷ്യ വിടുകയായിരുന്നു. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്‌സിലും ദുബായിലും കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെലഗ്രാമിന്റെ അണിയറ പ്രവര്‍ത്തകര്‍ ഭരണകൂട സ്വാധീനത്തെ മറികടക്കാന്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ മാറി മാറിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്. പല ഭരണകൂടങ്ങളും തന്നെ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്‌ഫോമായി ടെലഗ്രാം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്‌ഫോംസിന്റെ വാട്‌സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്‌സാപ്പിനുള്ളത്. ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, വീചാറ്റ് എന്നിവ കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് വീചാറ്റ്.
No comments
Post a Comment