ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 106 ടെലിഗ്രാം അക്കൗണ്ടുകളും 16 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കണ്ടെത്തിയതായി വിവരം. ചോദ്യപേപ്പർ ചോർന്നെന്നും മറ്റുമുള്ള ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വിഷയം അന്വേഷിക്കുന്നത്.
നേരത്തെ, നീറ്റുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അറിയിപ്പ് നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻടിഎ ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ, ഏകദേശം 1,500 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ടെലിഗ്രാം ചാനലുകളുമായി ബന്ധിപ്പെട്ടുള്ളതാണ്. സംശയാസ്പദമായ കാര്യങ്ങൾ നാലാം തീയതി വൈകീട്ട് 5 മണിവരെ റിപ്പോർട്ട് ചെയ്യാം.