Showing posts with label crime. Show all posts
Showing posts with label crime. Show all posts

കോട്ടയത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ

കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയില്‍. ഏഴു പേരെയാണ് ചങ്ങനാശേരി കറുകച്ചാലില്‍ വച്ച് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന്​ ആവശ്യം


പ്രമുഖ മെസ്സേജിങ്​ ആപ്പായ ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന ആവശ്യവുമായി രാഷ്​ട്രീയ പ്രവർത്തകൻ ബോറിസ്​ പിസ്​റ്റോറിയസ്​. ആപ്പിളിന്‍റെയും ഗൂഗ്​ളിന്‍റെയും ആപ്പ്​ സ്​റ്റോറുകളിൽ നിന്നും ടെലഗ്രാം നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും അദ്ദേഹം സർക്കാരിനോട്​ ആവശ്യപ്പെട്ടു. തീവ്രവാദ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിനുള്ള അഭ്യർത്ഥനകൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ആപ്പ്​ നിരോധിക്കണമെന്നാണ്​ അദ്ദേഹം ആവശ്യപ്പെടുന്നത്​.

വാക്സിൻ വിരുദ്ധർക്ക്​ അവരുടെ ആശയം വ്യാപകമായി പ്രചരിപ്പിക്കാൻ അവസരം നൽകിയതിന്​ ടെലഗ്രാം ജർമ്മനിയിൽ വിമർശനമേറ്റുവാങ്ങിയിരുന്നു. ആപ്പിലൂടെ വാക്​സിനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

"സർക്കാർ സെൻസർഷിപ്പിന്" വഴങ്ങില്ലെന്ന നിലപാട്​ സ്വീകരിക്കുന്നതിനാൽ ടെലഗ്രാമിന്​, ജർമനിയിലെ ആക്ടിവിസ്റ്റുകൾക്കും പ്രതിഷേധക്കാർക്കും ഇടയിൽ വലിയ പ്രചാരമാണുള്ളത്​​, പ്രത്യേകിച്ചും 'നുണകളും ഭീഷണികളും ഗൂഢാലോചന സിദ്ധാന്തങ്ങളും' പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള സർക്കാർ സമ്മർദ്ദത്തിന്​ ഫേസ്​ബുക്ക്​ (Facebook) പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴങ്ങുന്ന സാഹചര്യത്തിൽ. അതേസമയം, വിഷയത്തിൽ ടെലിഗ്രാം പ്രതികരണം അറിയിച്ചിട്ടില്ല.

മരക്കാറിന്റെ വ്യാജപ്രിന്റ് ടെലി​ഗ്രാമിലൂടെ പ്രചരിപ്പിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

കഴിഞ്ഞ ദിവസം തിയറ്ററിൽ റിലീസ് ചെയ്ത മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ടെലി​ഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് അറസ്റ്റിലായത്. ചിത്രത്തിന്റെ വ്യാജപ്രിന്റ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

പല ​ഗ്രൂപ്പുകളിലേക്കും സിനിമ അയച്ചു
നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നു രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയത്. മൊബൈൽ കടയുടമയാണ് നസീഫ്.

കൂടുതൽ പേർ അറസ്റ്റിലാകും
മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ചിത്രം ടെലി​ഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ യൂട്യൂബിലും വന്നിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്.

കാബൂളിലെ വൈദ്യുത ലൈൻ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ.എസ് ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു

telegram
കാബൂൾ: അഫ്ഗാനിസ്താനിൽ വൈദ്യുത ലൈനുകൾ ബോംബിട്ടു തകർത്ത് 45 ലക്ഷത്തോളം പേർ കഴിയുന്ന കാബൂൾ നഗരത്തെ ഇരുട്ടിലാക്കിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്.-ഖൊരാസൻ ഏറ്റെടുത്തു. വൈദ്യുത ലൈനിനു താഴെ തങ്ങളാണ് ബോംബ് സ്ഥാപിച്ചതെന്ന് ഐ.എസ്. ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു.

വ്യാഴാഴ്ചയാണ് വൈകീട്ട് ആറോടെയായിരുന്നു കാബൂളിലേക്കും മറ്റുചില പ്രവിശ്യകളിലേക്കും വൈദ്യുതിയെത്തിക്കുന്ന ഹൈ വോൾട്ടേജ് ലൈൻ തകർന്നത്. ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ രാജ്യങ്ങളിൽനിന്നാണ് അഫ്ഗാൻ വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. യു.എസ്. പിന്തുണയുള്ള മുൻ സർക്കാരിനെതിരേ താലിബാൻ നടത്തിയ 20 കൊല്ലംനീണ്ട പോരാട്ടത്തിൽ പതിവായി വൈദ്യുത ലൈനുകൾ ആക്രമിക്കാറുണ്ടായിരുന്നു. താലിബാന്റെ തന്ത്രം അവർക്കുനേരെ തന്നെ പ്രയോഗിക്കുകയാണ് ഇപ്പോൾ ഐ.എസ്. അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷവും രാജ്യത്ത് ഭരണസ്ഥിരത കൈവരിക്കാൻ താലിബാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് പുതിയ തിരിച്ചടി. കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ ഷിയാപള്ളിക്കുനേരെ ഐ.എസ്. നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.

സ്വ​ർ​ണക്കട​ത്ത്​ ആസൂത്രണം 'സി.പി.എം കമ്മിറ്റി' ടെലിഗ്രാം ഗ്രൂപ്​ വഴി; 29 പ്രതികൾക്കെതിരെ കസ്​റ്റംസി​ന്റെ കുറ്റപത്രം

സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ പ്ര​തി​ക​ൾ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത്​ 'സി.​പി.​എം ക​മ്മി​റ്റി' എ​ന്ന പേ​രി​ൽ ഉ​ണ്ടാ​ക്കി​യ ടെ​ലി​ഗ്രാം ഗ്രൂ​പ്​ വ​ഴി​യെ​ന്ന്​ ക​സ്​​റ്റം​സ്. സ​രി​ത്​, സ​ന്ദീ​പ്​ നാ​യ​ർ, റ​മീ​സ്​ എ​ന്നി​വ​രാ​ണ്​ ഈ ​ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. റ​മീ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ന്ദീ​പ്​ നാ​യ​രാ​ണ്​ ഗ്രൂ​പ്​ ഉ​ണ്ടാ​ക്കി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത്​ ഇ​ട​പാ​ടു​ക​ളു​ടെ മു​ഴു​വ​ൻ ച​ർ​ച്ച​ക​ളും ഈ ​ഗ്രൂ​പ്​ വ​ഴി​യാ​യി​രു​ന്നു. സ​രി​ത്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ൽ​നി​ന്ന്​ ചാ​റ്റ്​ വി​ശ​ദാം​ശ​ങ്ങ​ൾ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലേ​ക്ക്​ സ്വ​ർ​ണം ക​ട​ത്താ​ൻ വ്യാ​ജ​രേ​ഖ​ക​ൾ അ​ട​ക്കം കൈ​മാ​റി​യ​ത്​ ഈ ​ഗ്രൂ​പ്​ വ​ഴി​യാ​യി​രു​ന്നു. അ​ധി​ക ച​ർ​ച്ച​ക​ളും മ​ല​യാ​ളം വോ​യ്​​സ്​ ചാ​റ്റി​ലൂ​ടെ​യാ​യി​രു​ന്നു.

ചാ​റ്റി​ലൂ​ടെ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ബൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും ക​സ്​​റ്റം​സ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച പ​ല രേ​ഖ​ക​ളും കൈ​മാ​റി​യ​ത്​ ഈ ​ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ്. സ​രി​ത്​ ത​യാ​റാ​ക്കി​യ രേ​ഖ​ക​ൾ യാ​ഥാ​ർ​ഥ്യ​മെ​ന്ന നി​ല​യി​ൽ കാ​ർ​ഗോ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച്​ സ്വ​ർ​ണം വി​ട്ടു​ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

റിലീസ് ചെയ്തില്ല, പിടികിട്ടാപ്പുള്ളി ടെലിഗ്രാമില്‍ ചോര്‍ന്നു; വേദനയോടെ സംവിധായകൻ ലൈവിൽ

വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുന്‍പേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ ജിഷ്ണു അറിയിച്ചു.

സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് തുടങ്ങിയവരും അണിചേരുന്നു.

'പിടികിട്ടാപ്പുള്ളി' സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്‍ പറയുന്നു
ജിയോ സിനിമയിലൂടെ സിനിമ റിലീസ് ആവുന്നതിനു മുന്‍പ് ഒരുപാടുപേര്‍ എന്നെ വിളിച്ചു. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നേണ്ട അവസരമാണ്. പക്ഷേ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നിയത്. കാരണം വിളിക്കുന്നവരൊക്കെ എന്നോട് പറഞ്ഞത് പടം ടെലിഗ്രാമിലും ടൊറന്‍റിലും വന്നുകഴിഞ്ഞു എന്നാണ്. 2016 മുതലുള്ള എന്‍റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. ഏകദേശം നാലര വര്‍ഷമായി ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ എന്രെ ജീവിതം മാറ്റിവച്ചിട്ട്. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. സിനിമ എന്നത് ഒരു ബിസിനസ് ആണ്. എന്നെപ്പോലെ ഒരു തുടക്കക്കാരനെ വിശ്വസിച്ച് പണം മുടക്കിയ ഒരു നിര്‍മ്മാതാവ് ഉണ്ട്. എന്തോ ഭാഗ്യം കൊണ്ടാവും ജിയോ പോലെ ഒരു വലിയ നെറ്റ്‍വര്‍ക്ക് ഈ കൊറോണ കാലത്തും നമ്മുടെ പടം റിലീസ് ചെയ്യാനായി എടുത്തത്.

പക്ഷേ അപ്പോഴും റിലീസിനു മുന്‍പ് ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍നിന്ന് ലീക്ക് ആവുന്ന അവസ്ഥയാണ്. അവരുടെ പ്ലാറ്റ്ഫോമില്‍ ഫ്രീ ആയിട്ടു കിട്ടും, എന്നിട്ടുകൂടി പൈറേറ്റഡ് കോപ്പി കാണാന്‍ ആളുണ്ട് എന്നതാണ് വസ്‍തുത. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്, സിനിമയുടെ വ്യൂവര്‍ഷിപ്പ് അവരുടെ പ്ലാറ്റ്ഫോമില്‍ കുറയുകയും അതോടുകൂടി മലയാളസിനിമ എന്നത് വിജയം നേടാവുന്ന ഒരു സാധ്യത അല്ലെന്ന് അവര്‍ വിധിയെഴുതുകയും ചെയ്യും.

ഒന്നോ രണ്ടോ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഔദാര്യത്തിലാണ് മലയാളസിനിമ ഇപ്പോള്‍ നടന്നുപോകുന്നത്. ഇതുകൂടി ആവുമ്പോഴേക്ക് മലയാളസിനിമ എടുക്കാന്‍ ആളുകള്‍ കുറയും. എന്നെപ്പോലെ ഒരുപാട് പുതുമുഖ സംവിധായകരും മറ്റു സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. അവരുടെയൊക്കെ അവസ്ഥ ഇനി എന്താവും എന്നത് ഒരു ചോദ്യചിഹ്നമാണ്. വളരെ വിഷമത്തോടെ ഇത് പറയേണ്ടിവന്നതില്‍ സങ്കടമുണ്ട്. ടെലിഗ്രാമില്‍ സിനിമ വന്നു എന്നു പറഞ്ഞ് ഇനി ആരും എന്നെ വിളിക്കണ്ട. എന്‍റെ സിനിമയുടെ റിലീസ് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. നല്ല മനസുള്ളവര്‍ അതില്‍ സിനിമ കാണുക. ഞങ്ങളെ പരമാവധി പിന്തുണയ്ക്കുക.നന്ദി.

സാധനം കയ്യിലുണ്ടോ? ടെലഗ്രാമിൽ ചോദ്യം; ന്യൂജെൻ ലഹരികടത്ത്

വിമാനത്താവളത്തിൽ ആളെ തിരിച്ചറിയാൻ ‘സാധനം കയ്യിലുണ്ടോ’ എന്ന കോഡ് നൽകാൻ പറയുന്ന രംഗം മോഹൻലാലും ശ്രീനിവാസനും ‘സിഐഡി’മാരായെത്തിയ ‘അക്കര അക്കര അക്കര’ എന്ന ചിത്രത്തിലുണ്ട്. എന്നാൽ ഇത്തരം കോഡ് ഭാഷകളെല്ലാം പഴങ്കഥകളാക്കുന്ന രീതികളാണ് ലഹരിമരുന്നു കടത്തിലും വിപണനത്തിലും. ടെലഗ്രാം തുടങ്ങിയ മൊബൈൽ ആപ്പുകളിൽ നൽകുന്ന സന്ദേശമനുസരിച്ചാണ് പല ലഹരിമരുന്നു കടത്തുസംഘങ്ങളുടെയും പ്രവർത്തനം. കാരിയർമാർക്കും മറ്റും ഡിജിറ്റലായി പണമെത്തിക്കാൻ പേയ്മെന്റ് ആപ്പുകളും ഉപയോഗിക്കുന്നതായാണ് വിവരം.

ടെലഗ്രാമിൽ ഗ്രൂപ്പ്, ഡിജിറ്റൽ ഇടപാട്
കഞ്ചാവിൽ തുടങ്ങി ഇടത്തരം ലഹരിമരുന്നുകൾക്കു വരെ കൊച്ചി നഗരത്തിലും മറ്റും സജീവമായ ടെലഗ്രാം ഗ്രൂപ്പുകളുണ്ടെന്നാണ് എക്സൈസിന്റെയും മറ്റും കണ്ടെത്തൽ. ചില ഗ്രൂപ്പുകളിൽ രഹസ്യകോഡുകൾ ഉപയോഗിച്ചാകും വിവരം കൈമാറുക. അതേസമയം കൊക്കെയ്ൻ, എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ വിലയേറിയ ലഹരിമരുന്നുകൾ വ്യക്തികേന്ദ്രീകൃതമായാണ് വിൽപ്പന നടത്തുന്നതെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.

ടെലഗ്രാമിലെ ചില ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണെങ്കിലും ഇടനേരത്തേക്ക് മാത്രം ലിങ്കുകളിൽ ‘ലൊക്കേഷൻ’ സൂചിപ്പിച്ച് ഇടുന്ന സ്ഥലങ്ങളിൽ എത്തി ലഹരി കൈമാറി മടങ്ങുന്ന സംഘങ്ങളെ പിടികൂടാൻ ബുദ്ധിമുട്ടുകൾ ഏറെയാണെന്നാണ് സൂചന. കുറിയർ കൈമാറാനെന്ന വ്യാജേന ടെലഗ്രാം ഗ്രൂപ്പിൽ കൈമാറിയ ലൊക്കേഷൻ ലിങ്കിൽ എത്തിയ ചിലരെ പൊലീസ് പിടികൂടിയതോടെ ഈ നീക്കങ്ങൾക്ക് നഗരത്തിൽ അൽപം ശമനം ഉണ്ടായിട്ടുണ്ട്. പുത്തൻ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിലൂടെയാണ് പലപ്പോഴും ലഹരിക്കു വേണ്ടിയുള്ള പണംകൈമാറ്റമെന്നാണ് വിവരം. നിരന്തരം മാറിമറിയുന്ന പുതുതലമുറ ആപ്പുകളിലും മറ്റും ഉദ്യോഗസ്ഥർക്കുളള അറിവില്ലായ്മയും ചിലപ്പോഴൊക്കെ അന്വേഷണത്തെ ബാധിക്കുന്നതായും സൂചനയുണ്ട്.

കുറിയർ വഴി കൊച്ചിയിൽനിന്ന് നിരവധി സ്ഥലങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ചതായും ഇന്ത്യയിലെ മറ്റു നഗരങ്ങളിൽനിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതായും സ്പെഷൽ ബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അൽപകാലത്തേക്ക് കൃത്യമായ വിവരങ്ങൾ കൈമാറാതെ വാടകയ്ക്ക് എടുക്കുന്ന ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തുന്ന ഇത്തരം ഇടപാടുകൾ പിടിവീഴാൻ സമയമാകുന്നതിനിടെ വാടകക്കാർ തന്നെ അപ്രത്യക്ഷമാകുന്ന സ്ഥിതിയുമുണ്ട്.

കൃത്യമായ തിരിച്ചറിയൽ രേഖകൾ കൂടാതെ ഫ്ലാറ്റുകളും മറ്റും വാടകയ്ക്ക് നൽകരുതെന്ന് ഫ്ലാറ്റ് അസോസിയേഷനുകളും മറ്റും നിർബന്ധിക്കാറുണ്ടെങ്കിലും കോവിഡും മറ്റും ഉയർത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ വാടകയെങ്കിലും കിട്ടട്ടെ എന്ന മനോഭാവത്തിൽ ചില ഫ്ലാറ്റ് ഉടമകൾ ഇതത്ര കാര്യമാക്കാത്തതാണ് വിഷയം സങ്കീർണമാക്കുന്നത്.
© All Rights Reserved
Made With by InFoTel