Telegram

tips,crime,telegram,telegramX

News

ads, premium, webbot

ബിസിനസ് വളര്‍ത്താന്‍ ഇനി ടെലിഗ്രാം

ജനപ്രിയ സന്ദേശമയയ്ക്കല്‍ സേവനമായ ടെലിഗ്രാം, ഏതൊരു ഉപയോക്താവിനും അവരുടെ അക്കൗണ്ട് ഒരു ബിസിനസ് അക്കൗണ്ടാക്കി മാറ്റാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. പ്രവര്‍ത്തന സമയവും ലൊക്കേഷനും ക്രമീകരിക്കുക, തുടക്കപേജ് ഇഷ്ടാനുസൃതമാക്കുക, പെട്ടെന്നുള്ള മറുപടികള്‍ സൃഷ്ടിക്കുക, ആശംസകളും എവേ സന്ദേശങ്ങളും സജ്ജീകരിക്കുക എന്നിവ ഈ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഉപയോക്താക്കള്‍ക്ക് ബിസിനസ്സുമായി നേരിട്ട് ചാറ്റ് ചെയ്യുന്ന ലിങ്കുകള്‍ സൃഷ്ടിക്കാന്‍ കഴിയും, ഈ ലിങ്കുകള്‍ ടെലിഗ്രാമിന് അകത്തും പുറത്തും ഉപയോഗിക്കാം. ബിസിനസുകള്‍ക്ക് അവരുടെ പേരില്‍ സന്ദേശങ്ങള്‍ പ്രോസസ്സ് ചെയ്യാനും ഉത്തരം നല്‍കാനും ടെലിഗ്രാം ബോട്ടുകളെ ബന്ധിപ്പിക്കാനും കഴിയും. നിലവില്‍, എല്ലാ ടെലിഗ്രാം ബിസിനസ് ഫീച്ചറുകളും പ്രീമിയം വരിക്കാര്‍ക്ക് സൗജന്യമായി ലഭ്യമാണ്.

ബിസിനസ്സുകള്‍ക്ക് അവരുടെ പ്രവര്‍ത്തന സമയം പ്രദര്‍ശിപ്പിക്കാനും ഒരു മാപ്പില്‍ അവരുടെ ലൊക്കേഷന്‍ കൃത്യമായി ചൂണ്ടിക്കാണിക്കാനും കഴിയും, ഇത് ഉപഭോക്താക്കള്‍ക്ക് അവരെ കണ്ടെത്തുന്നതും അവ പ്രവര്‍ത്തിക്കുന്ന സമയം അറിയുന്നതും എളുപ്പമാക്കുന്നു.

പുതിയ ചാറ്റുകള്‍ക്കായുള്ള ഇഷ്ടാനുസൃതമാക്കാവുന്ന ആദ്യ പേജ്, തുടക്കത്തില്‍ തന്നെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പ്രദര്‍ശിപ്പിക്കുന്ന, അനുയോജ്യമായ ടെക്സ്റ്റ്, സ്റ്റിക്കറുകള്‍ അല്ലെങ്കില്‍ ബ്രാന്‍ഡഡ് കലാസൃഷ്ടികള്‍ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളെ അഭിവാദ്യം ചെയ്യാന്‍ ബിസിനസ്സുകളെ അനുവദിക്കും.

പ്രീസെറ്റ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള കുറുക്കുവഴികള്‍ സൃഷ്ടിക്കാനും ഇതിനു കഴിയും.അതില്‍ ടെക്സ്റ്റ് ഫോര്‍മാറ്റിംഗ്, ലിങ്കുകള്‍, സ്റ്റിക്കറുകള്‍, മീഡിയ, ഫയലുകള്‍ എന്നിവ ഉള്‍പ്പെടാം. അത്വഴി ഉപഭോക്തൃ ആശയവിനിമയം കാര്യക്ഷമമാക്കുന്നു. കൂടാതെ സ്വയമേവയുള്ള ആശംസാ സന്ദേശങ്ങള്‍ പുതിയ കോണ്‍ടാക്റ്റുകളെ സ്വാഗതം ചെയ്യും. അതേസമയം എവേ സന്ദേശങ്ങള്‍ ബിസിനസ്സ് അടച്ചുപൂട്ടലുകളെക്കുറിച്ചോ അവധിക്കാലത്തെക്കുറിച്ചോ ഉപഭോക്താക്കളെ അറിയിക്കുന്നു, തുടര്‍ച്ചയായ ആശയവിനിമയം ഉറപ്പാക്കുന്നു.

ബിസിനസ്സുകള്‍ക്ക് ക്യുആര്‍ കോഡുകളോ വെബ്സൈറ്റ് ബട്ടണുകളോ പോലുള്ള നേരിട്ടുള്ള ചാറ്റ് ലിങ്കുകള്‍ ഇതില്‍ സൃഷ്ടിക്കാന്‍ കഴിയും, ഇത് ഉപഭോക്താക്കള്‍ക്ക് സംഭാഷണങ്ങള്‍ ആരംഭിക്കുന്നത് എളുപ്പമാക്കുന്നു. കൂടാതെ ബിസിനസ്സിനായുള്ള ചാറ്റ്‌ബോട്ടുകളുടെ സേവനവും ലഭ്യമാകും.

ടെ​ലി​ഗ്രാ​മി​ൽ പാ​ർ​ട് ടൈം​ ജോലി വാഗ്ദാനം; നാവിക ഉദ്യോഗസ്ഥന് നഷ്ടമായത് 17.30 ലക്ഷം

കണ്ണൂർ: ടെലിഗ്രാമിൽ പാർട് ടൈമായി ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം എത്തിയപ്പോൾ അവരുമായി സംസാരിച്ച ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് 17,30,300 രൂപ നഷ്ടമായി. നിങ്ങൾ എത്ര രൂപയാണ് നിക്ഷേപിക്കുന്നത് അതിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്നാണ് വാഗ്ദാനം നൽകിരുന്നത്. പണം നിങ്ങൾക്ക് തന്നെ തിരിച്ചു കിട്ടും എന്ന പറഞ്ഞാണ് ഉദ്യോഗസ്ഥനെ തട്ടിപ്പിന് ഇരയാക്കിയത്.

സമാനമായ രീതിയിൽ മറ്റൊരു പരാതിയും എത്തിയിട്ടുണ്ട്. എടക്കാട് സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 39,100 രൂപയാണ് നഷ്ടമായത്. എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യാതിരിക്കുകയാണ്. കെ.വൈ.സി വെരിഫിക്കേഷൻ ചെയ്യണം. അതിനായി ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നെറ്റ് ബാങ്കിങ് യൂസർ നെയിം, പാസ് വേഡ്‌ എന്നിവയും ഒ.ടി.പിയും നൽകണം എന്നാണ് നിർദേശം കിട്ടിയത്. യുവാവ് അതിന് അനുസരിച്ച് ലിങ്കിൽ കയറി വിവരങ്ങൾ നൽകി. ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ അപ്ലിക്കേഷൻ വഴിയാണ് ഇത്തരത്തിലുള്ള ജാഗ്രത നിർദേശം എത്തുന്നത്. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം.

ടെലിഗ്രാം വഴി ചെറിയ ടാസ്‌കുകൾ പൂർത്തീകരിച്ച് 150 മുതൽ 600 രൂപ നൽകി വിശ്വാസം ആർജിച്ചു; ബിസിനസുകാരനിൽ നിന്ന് 43ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: എത്ര തന്നെ വാർത്ത വന്നാലും പിന്നെയും പിന്നെയും മലയാളി പെടുന്ന ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. ഇപ്പോഴിതാ ടെലിഗ്രാമിലുടെ ബിസിനസുകാരനിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത വാർത്തയാണ് കോഴിക്കോടുനിന്ന് പുറത്തുവരുന്നത്. കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23) തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളം കുഴിവീട്ടിൽ മുഹമ്മദ് അർഷക് (21) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസിന്റെ പിടിയിലായത്.

എരഞ്ഞിപ്പാലം സ്വദേശിയെ പ്രതികൾ വെൽവാല്യു ഇന്ത്യ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരമായി മെസേജുകൾ അയച്ച് സോഷ്യൽ മീഡിയ അപ്ലിക്കേഷനായ ടെലഗ്രാമിൽ ഗൂഗിൾ മാപ്സ് റിവ്യു വി ഐ പി എന്ന ഗ്രൂപ്പിൽ തെറ്റിദ്ധരിപ്പിച്ച് ചേർക്കുകയുമായിരുന്നു. വിവിധ ടാസ്‌കുകൾ ചെയ്യാൻ ആവശ്യപ്പെടുകയും ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ ചതിയിലൂടെ കൈക്കലാക്കുകയുമായിരുന്നു.

പ്രതികൾ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമായ പരാതിക്കാരൻ ഗ്രൂപ്പിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലഗ്രാം അപ്ലിക്കേഷൻ ഗ്രൂപ്പിൽ അംഗമാവുയും ചെയ്തു. തുടർന്ന് ചെറിയ ടാസ്‌കുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് നൽകുന്നതിന് 150 രൂപ മുതൽ 600 രൂപ വരെ പ്രതികൾ പരാതിക്കാരന് പ്രതിഫലം നൽകുകയും ചെയ്തു. ഇത്തരത്തിൽ പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത് കൂടുതൽ പണം ലഭിക്കുന്ന ടാസ്‌കുകൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ഈ ടാസ്‌കുകൾ ലഭിക്കുവാൻ അഡ്വാൻസ് പേമെന്റ് ചെയ്യേണ്ടതുണ്ടെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെ കൊണ്ട് പണം അടപ്പിക്കുകയും ടാസ്‌കുകൾ ചെയ്തു നൽകുമ്പോൾ പ്രതിഫലം ട്രേഡിങ് അക്കൗണ്ടിൽ ബാലൻസായി കാണിക്കുകയും ചെയ്തു. ട്രേഡിങ് അക്കൗണ്ടിലെ ബാലൻസ് തുക പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോൾ പണം പിൻവലിക്കുന്നതിന് ട്രേഡിങ് അക്കൗണ്ട് ബാലൻസ് വലിയ തുകയായി ഉയർത്തേണ്ടുതെന്ന് പറഞ്ഞ് കബളിപ്പിച്ച് 43 ലക്ഷത്തോളം രൂപ വിവിധ ഘട്ടങ്ങളിലായി തട്ടിയെടുക്കുകയായിരുന്നു.

ഓൺലൈൻ ട്രേഡിങ് വഴി ഒരു അധിക വരുമാനം ഉണ്ടാക്കാം എന്ന പരാതിക്കാരന്റെ ചിന്തയെ ചൂഷണം ചെയ്ത് കുറ്റകരമായ സമ്പാദ്യം ഉണ്ടാക്കിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും അന്വേഷണം തുടരുന്നതായും നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ജിജോ എം ജെ അറിയിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിജോ എം ജെ, സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത്, മോഹൻദാസ്, ഷിജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ഓൺലൈൻ വഴി സാമ്പത്തിക ഇടപാട് നടത്തുന്ന എല്ലാവരിലും ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ ആരെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. വേഗത്തിൽ പരാതി രജിസ്റ്റർ ചെയ്താൽ ഒരുപക്ഷേ പണം നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാന് സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

Source: marunadanmalayalee

‘റാം C/O ആനന്ദി’ യുടെ പി ഡി എഫ് പ്രചരിപ്പിച്ച ടെലിഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ പി ഡി എഫ് പതിപ്പ് പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ഡി സി ബുക്‌സ് നല്‍കിയ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നാണ് ‘റാം c/o ആനന്ദി’ . കേരളപൊലീസ്, കെ എസ് ആര്‍ സി, മില്‍മ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും പല പ്രമുഖ ബ്രാന്‍ഡുകളും നോവലിന്റെ കവര്‍ച്ചിത്രത്തെ അനുകരിച്ച് തയ്യാറാക്കിയ പരസ്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ഡി സി ബുക്സ്, മലയാള മനോരമ തുടങ്ങി വിവിധ പ്രസാധകർ നൽകിയ പകർപ്പവകാശ ലംഘന ക്കേസിൽ നിരവധി പേർ വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി ഡി എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകള്‍ എന്നിവ വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും യൂട്യൂബിലും വലിയതോതില്‍ പ്രചരിപ്പിക്കുന്നത് പൊലീസും സൈബര്‍ സെല്ലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

വലിയ നാശത്തിന് കാരണമാകും; സ്‌പെയ്‌നില്‍ ടെലിഗ്രാം നിര്‍ത്തലാക്കിയ കോടതി വിധിക്കെതിരെ വിമര്‍ശനം

സ്പെയ്ന്‍: ടെലിഗ്രാം ഉപയോഗം റദ്ദാക്കിയ സ്പെയിന്‍ നാഷണല്‍ കോടതി വിധിക്കെതിരെ വിവിധ സംഘടനകള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പകര്‍പ്പവകാശ ലംഘനത്തിന്റെ അന്വേഷണം തീര്‍പ്പാക്കാതെ സേവനം ലഭ്യമാക്കരുതെന്നാണ് കോടതി ഇന്റര്‍നെറ്റ് ദാദാക്കളോട് ഉത്തരവിട്ടത്.

വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കണ്‍സ്യൂമര്‍ റൈറ്റ് വാച്ച് ഡോഗ് എഫ്.എ.സി.യു.എ ഇത് ഒരിക്കലും ആനുപാതികമല്ലാത്തതാണെന്നും ജനപ്രിയ സേവനം തടയുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറഞ്ഞതായി ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തു.

‘നിയമവിരുദ്ധമായി പകര്‍പ്പവകാശമുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ഉണ്ട്, എന്നാല്‍ ഈ നീക്കം ഇന്റര്‍നെറ്റ് അടച്ചു പൂട്ടുന്നതിന് തുല്യമാണ്, അല്ലെങ്കില്‍ പൈറസില്‍ ഏര്‍പ്പെടുന്ന ചാനലുകള്‍ ഉള്ളതിനാല്‍ മുഴുവന്‍ ടെലിവിഷന്‍ സിഗ്‌നലും വെട്ടിക്കുറക്കുന്നത് പോലെയാണ് ഇത്,’ എഫ്.എ.സി.യു.എ സെക്രട്ടറി ജനറല്‍ റൂബന്‍ സാഞ്ചസ് പ്രസ്താവനയില്‍ പറഞ്ഞു.

സ്‌പെയ്‌നില്‍ ടെലിഗ്രാം ഉപയോഗം നിര്‍ത്തിവെക്കാന്‍ ഉത്തരവുള്ളതായി റിപ്പോര്‍ട്ടുകള്‍

സ്‌പെയ്ന്‍: ടെലിഗ്രാം ഉപയോഗം താല്‍ക്കാലികമായി റദ്ദാക്കി സ്‌പെയിന്‍ നാഷണല്‍ കോടതി. പകര്‍പ്പവകാശ ലംഘനത്തിന്റെ അന്വേഷണം തീര്‍പ്പാക്കാതെ സേവനം ലഭ്യമാക്കരുത് എന്ന് കോടതി ഇന്റര്‍നെറ്റ് ദാദാക്കളോട് ഉത്തരവിട്ടു. നടപടിയെ ‘മുന്‍കരുതല്‍’ എന്ന് പറഞ്ഞ് സസ്‌പെന്‍ഷന്‍ തുടരാം എന്ന് കോടതി വിധി പറയുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി മുതല്‍ ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ഒരുപാട് പേര്‍ക്ക് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് എല്‍ പൈസ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടെലിഗ്രാം ആപ് വഴി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നു

സമൂഹ മാധ്യമമായ ടെലിഗ്രാം ആപ് വഴി സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് പൊലീസ്. മറ്റ് സമൂഹമാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ തട്ടിപ്പുകാർ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഗ്രൂപ്പിൽ ചേരുന്നവർ കാണുന്നത്, ഗ്രൂപ്പ് അംഗങ്ങൾക്ക് ലഭിച്ച വൻതുകയുടെ സ്ക്രീൻ ഷോട്ടുകളും പോസ്റ്റുകളുമായിരിക്കും. ഈ രീതിയിലാണ് ഇരകളെ കുടുക്കുന്നത്.

എന്നാൽ, ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായി ചമയുന്നവരിൽ ഭൂരിപക്ഷവും തട്ടിപ്പ് കമ്പനിയുടെതന്നെ ആളുകളായിരിക്കും. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാന രീതിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടക്കത്തിൽ വെബ്സൈറ്റ് വഴി ചെറിയ തുക നിക്ഷേപിച്ചാൽപോലും തട്ടിപ്പുകാർ അമിതലാഭം നൽകും. ഇതോടെ കമ്പനിയിൽ കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ, ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാനാകില്ലെന്നും നിക്ഷേപകർക്ക് വൈകിയാകും മനസ്സിലാകുക.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ് ടിയുടെയും നികുതിയുടെയും മറവിൽ കൂടുതൽ പണം തട്ടിയെടുക്കുകയാണ് പതിവ്. ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായി സൈബർ പൊലീസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

ടെലഗ്രാമില്‍ സിനിമ കാണുന്നവര്‍ക്ക് എട്ടിന്‍റെ പണി വരുന്നു

സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്നം തടയാൻ ലക്ഷ്യമിട്ടുള്ള കർശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. അടുത്തിടെ പാർലമെന്റിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2023ന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.

നിലവിൽ, പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാനുള്ള അനുമതി സര്‍ക്കാറിന് ലഭിച്ചിരുന്നില്ല. ഒരു നല്ല കണ്ടന്‍റ് ഉണ്ടാക്കാന്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍ ധാരാളം സമയവും ഊർജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ അത് പൈറസി വഴി സ്വന്തമാക്കുന്നവര്‍ അത് ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇത് സിനിമ വ്യവസായത്തിനുണ്ടാകുന്നത്, ഇത് തടയാനാണ് ഈ തീരുമാനം എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത്.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്‌സി) 12 നോഡൽ ഓഫീസർമാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാന്‍ സാധിക്കും. ഇത്തരം പരാതികളില്‍ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൈറസി നടത്തുന്നവര്‍ക്ക് അവര്‍ 3 ലക്ഷം മുതല്‍ പൈറസി ചെയ്ത കണ്ടന്‍റിന്‍റെ നിര്‍മ്മാണ മൂല്യത്തിന്‍റെ അഞ്ച് ശതമാനം തുകവരെ പിഴയായി നല്‍കേണ്ടി വരും.

ഒരു കണ്ടന്‍റിന്‍റെ കോപ്പിറൈറ്റ് ഉടമയ്ക്കോ അയാള്‍ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡൽ ഓഫീസർക്ക് പരാതി നല്‍കാം. അതേ സമയം പകർപ്പവകാശം ഇല്ലാത്ത ഒരു സാധാരണ വ്യക്തി പരാതി നല്‍കിയാല്‍ നോഡൽ ഓഫീസർക്ക് പരാതിയുടെ സാധുത നിർണ്ണയിക്കാൻ ഹിയറിംഗുകൾ നടത്താവുന്നതാണ്. അത് അനുസരിച്ച് തീരുമാനവും എടുക്കാം.

യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്‌സൈറ്റുകൾ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഐ ആൻഡ് ബി മന്ത്രാലയത്തിന്‍റെ പത്രകുറിപ്പ് പറയുന്നു.

ഇന്റർനെറ്റിന്‍റെ വ്യാപനവും സിനിമകള്‍ സൌജന്യമായി കാണാനുള്ള ആഗ്രഹവും അടുത്തിടെ പൈറസി കൂടാന്‍ കാരണമായി. അതിനാല്‍ തന്നെ പൈറസി കേസുകളിൽ ഉടനടി നടപടിയെടുക്കാന്‍ കഴിയുന്ന സംവിധാനം സിനിമ വ്യവസായ രംഗത്ത് ആശ്വാസം നൽകുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഹമാസിന്റെ ചാനലുകളെ നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം

ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസിന്റെ ചാനലുകളെ നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം. ഹമാസുമായി ബന്ധപ്പെട്ട എല്ലാ ചാനലുകള്‍ക്കും ടെലിഗ്രാം നിയന്ത്രണമേര്‍പ്പെടുത്തി. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ടെലിഗ്രാമിന്റെ പതിപ്പുകളില്‍ ഹമാസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കും ഗാസ നൗ എന്ന വാര്‍ത്താ അക്കൗണ്ടിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു.

ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ലക്ഷണക്കണക്കിന് പുതിയ ഫോളോവേഴ്സാണ് ഹമാസിന്റെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്കെത്തിയത്. ഈ അക്കൗണ്ടുകള്‍ ടെലിഗ്രാമിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നും ടെലിഗ്രാമിന്റെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ പതിപ്പില്‍ നിന്നും ഇപ്പോഴും ആക്‌സസ് ചെയ്യാന്‍ കഴിയും.

”ഇസ്രയേല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍”ക്കെതിരെ പ്രചാരണം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള സച്ചോര്‍ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹമാസിന്റെ ടെലിഗ്രാം പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിളിന് കത്തെഴുതിയിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ബ്ലോക്ക് ചെയ്തിട്ടും ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ഐഒഎസില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് നിയന്ത്രണം.

ഉള്ളടക്കം നീക്കണം; എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്.

ഭാവിയില്‍ ഇത്തരം ഉള്ളടക്കം പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂള്‍ 3(1)(ബി), റൂള്‍ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസുകള്‍ പാലിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവില്‍ ഇന്റര്‍നെറ്റ് ഇടനില പ്ലാറ്റുഫോമുകള്‍ക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാര്‍ബര്‍ പ്രൊട്ടക്ഷന്‍) മാറ്റുമെന്നും മന്ത്രാലയം മൂന്ന് സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.
© All Rights Reserved
Made With by InFoTel