വിമാനത്താവളത്തിൽ ആളെ തിരിച്ചറിയാൻ ‘സാധനം കയ്യിലുണ്ടോ’ എന്ന കോഡ് നൽകാൻ പറയുന്ന രംഗം മോഹൻലാലും ശ്രീനിവാസനും ‘സിഐഡി’മാരായെത്തിയ ‘അക്കര അക്കര അക്കര’ എന്ന ചിത്രത്തിലുണ്ട്. എന്നാൽ ഇത്തരം കോഡ് ഭാഷകളെല്ലാം പഴങ്കഥകളാക്കുന്ന രീതികളാണ് ലഹരിമരുന്നു കടത്തിലും വിപണനത്തിലും. ടെലഗ്രാം തുടങ്ങിയ മൊബൈൽ ആപ്പുകളിൽ നൽകുന്ന സന്ദേശമനുസരിച്ചാണ് പല ലഹരിമരുന്നു കടത്തുസംഘങ്ങളുടെയും പ്രവർത്തനം. കാരിയർമാർക്കും മറ്റും ഡിജിറ്റലായി പണമെത്തിക്കാൻ പേയ്മെന്റ് ആപ്പുകളും ഉപയോഗിക്കുന്നതായാണ് വിവരം.
ടെലഗ്രാമിൽ ഗ്രൂപ്പ്, ഡിജിറ്റൽ ഇടപാട്
കഞ്ചാവിൽ തുടങ്ങി ഇടത്തരം ലഹരിമരുന്നുകൾക്കു വരെ കൊച്ചി നഗരത്തിലും മറ്റും സജീവമായ ടെലഗ്രാം ഗ്രൂപ്പുകളുണ്ടെന്നാണ് എക്സൈസിന്റെയും മറ്റും കണ്ടെത്തൽ. ചില ഗ്രൂപ്പുകളിൽ രഹസ്യകോഡുകൾ ഉപയോഗിച്ചാകും വിവരം കൈമാറുക. അതേസമയം കൊക്കെയ്ൻ, എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ വിലയേറിയ ലഹരിമരുന്നുകൾ വ്യക്തികേന്ദ്രീകൃതമായാണ് വിൽപ്പന നടത്തുന്നതെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ടെലഗ്രാമിലെ ചില ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണെങ്കിലും ഇടനേരത്തേക്ക് മാത്രം ലിങ്കുകളിൽ ‘ലൊക്കേഷൻ’ സൂചിപ്പിച്ച് ഇടുന്ന സ്ഥലങ്ങളിൽ എത്തി ലഹരി കൈമാറി മടങ്ങുന്ന സംഘങ്ങളെ പിടികൂടാൻ ബുദ്ധിമുട്ടുകൾ ഏറെയാണെന്നാണ് സൂചന. കുറിയർ കൈമാറാനെന്ന വ്യാജേന ടെലഗ്രാം ഗ്രൂപ്പിൽ കൈമാറിയ ലൊക്കേഷൻ ലിങ്കിൽ എത്തിയ ചിലരെ പൊലീസ് പിടികൂടിയതോടെ ഈ നീക്കങ്ങൾക്ക് നഗരത്തിൽ അൽപം ശമനം ഉണ്ടായിട്ടുണ്ട്. പുത്തൻ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിലൂടെയാണ് പലപ്പോഴും ലഹരിക്കു വേണ്ടിയുള്ള പണംകൈമാറ്റമെന്നാണ് വിവരം. നിരന്തരം മാറിമറിയുന്ന പുതുതലമുറ ആപ്പുകളിലും മറ്റും ഉദ്യോഗസ്ഥർക്കുളള അറിവില്ലായ്മയും ചിലപ്പോഴൊക്കെ അന്വേഷണത്തെ ബാധിക്കുന്നതായും സൂചനയുണ്ട്.
കുറിയർ വഴി കൊച്ചിയിൽനിന്ന് നിരവധി സ്ഥലങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ചതായും ഇന്ത്യയിലെ മറ്റു നഗരങ്ങളിൽനിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതായും സ്പെഷൽ ബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അൽപകാലത്തേക്ക് കൃത്യമായ വിവരങ്ങൾ കൈമാറാതെ വാടകയ്ക്ക് എടുക്കുന്ന ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തുന്ന ഇത്തരം ഇടപാടുകൾ പിടിവീഴാൻ സമയമാകുന്നതിനിടെ വാടകക്കാർ തന്നെ അപ്രത്യക്ഷമാകുന്ന സ്ഥിതിയുമുണ്ട്.
കൃത്യമായ തിരിച്ചറിയൽ രേഖകൾ കൂടാതെ ഫ്ലാറ്റുകളും മറ്റും വാടകയ്ക്ക് നൽകരുതെന്ന് ഫ്ലാറ്റ് അസോസിയേഷനുകളും മറ്റും നിർബന്ധിക്കാറുണ്ടെങ്കിലും കോവിഡും മറ്റും ഉയർത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ വാടകയെങ്കിലും കിട്ടട്ടെ എന്ന മനോഭാവത്തിൽ ചില ഫ്ലാറ്റ് ഉടമകൾ ഇതത്ര കാര്യമാക്കാത്തതാണ് വിഷയം സങ്കീർണമാക്കുന്നത്.
No comments
Post a Comment