ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനായി സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്നങ്ങള്‍ വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. വര്‍ക്ക് ഫ്രം ഹോമില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ ആശയ വിനിമയത്തിനായി ഇ- ഓഫീസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസിലൂടെ വേണം ജോലി സമയത്ത് പ്രധാന രേഖകള്‍ കൈമാറാന്‍. ഇതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഔദ്യോഗിക രേഖകള്‍ ഒരിക്കലും മൊബൈലില്‍ ഫയലുകളായി സൂക്ഷിക്കരുത്. അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും അത് കൈമാറരുത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സെര്‍വറുകളില്‍ സര്‍ക്കാറിന്റെ രേഖകള്‍ എത്തുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട്ഫോണോ, സ്മാര്‍ട്ട് വാച്ചോ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ അസിസ്റ്റന്റുകളായ ആമസോണ്‍ അലക്സ, ഗൂഗിള്‍ ഹോം, ആപ്പിള്‍ ഹോം പോഡ് എന്നിവ തന്ത്ര പ്രധാന ഓഫീസുകളില്‍ ഉപയോഗിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.