ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമാകുന്ന ബേസിൽ ജോസഫിൻ്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി ഇന്നലെ ഉച്ചയ്‌ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. പതിവ് പോലെ തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിൻ്റെ വ്യാജൻ ടെലഗ്രാമിലും വന്നു. എന്നാൽ ഇത്തവണ ചെറിയൊരു ട്വിസ്റ്റുണ്ട്. വ്യാജൻ കാണുന്നവർക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.
മിന്നൽ മുരളി എന്ന പേരിൽ പ്രചരിച്ച ഫയലുകളിൽ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്ത് നോക്കിയ പലർക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസിൽ ജോസഫ് തന്നെയാണോ മിന്നൽ മുരളിയുടേതെന്ന പേരിൽ ഇത്തരം ഫയലുകൾ അപ്ലോഡ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്.
അതേസമയം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതിരുന്നതിന്റെ വേദനയും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
No comments
Post a Comment