Slider

ടെലിഗ്രാം വഴി ചെറിയ ടാസ്‌കുകൾ പൂർത്തീകരിച്ച് 150 മുതൽ 600 രൂപ നൽകി വിശ്വാസം ആർജിച്ചു; ബിസിനസുകാരനിൽ നിന്ന് 43ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

എത്ര തന്നെ വാർത്ത വന്നാലും പിന്നെയും പിന്നെയും മലയാളി പെടുന്ന ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. ഇപ്പോഴിതാ ടെലിഗ്രാമിലുടെ ബിസിനസുകാരനിൽ നിന്ന് 43 ലക്ഷം രൂപ തട
കോഴിക്കോട്: എത്ര തന്നെ വാർത്ത വന്നാലും പിന്നെയും പിന്നെയും മലയാളി പെടുന്ന ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. ഇപ്പോഴിതാ ടെലിഗ്രാമിലുടെ ബിസിനസുകാരനിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത വാർത്തയാണ് കോഴിക്കോടുനിന്ന് പുറത്തുവരുന്നത്. കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23) തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളം കുഴിവീട്ടിൽ മുഹമ്മദ് അർഷക് (21) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസിന്റെ പിടിയിലായത്.

എരഞ്ഞിപ്പാലം സ്വദേശിയെ പ്രതികൾ വെൽവാല്യു ഇന്ത്യ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരമായി മെസേജുകൾ അയച്ച് സോഷ്യൽ മീഡിയ അപ്ലിക്കേഷനായ ടെലഗ്രാമിൽ ഗൂഗിൾ മാപ്സ് റിവ്യു വി ഐ പി എന്ന ഗ്രൂപ്പിൽ തെറ്റിദ്ധരിപ്പിച്ച് ചേർക്കുകയുമായിരുന്നു. വിവിധ ടാസ്‌കുകൾ ചെയ്യാൻ ആവശ്യപ്പെടുകയും ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ ചതിയിലൂടെ കൈക്കലാക്കുകയുമായിരുന്നു.

പ്രതികൾ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമായ പരാതിക്കാരൻ ഗ്രൂപ്പിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലഗ്രാം അപ്ലിക്കേഷൻ ഗ്രൂപ്പിൽ അംഗമാവുയും ചെയ്തു. തുടർന്ന് ചെറിയ ടാസ്‌കുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് നൽകുന്നതിന് 150 രൂപ മുതൽ 600 രൂപ വരെ പ്രതികൾ പരാതിക്കാരന് പ്രതിഫലം നൽകുകയും ചെയ്തു. ഇത്തരത്തിൽ പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത് കൂടുതൽ പണം ലഭിക്കുന്ന ടാസ്‌കുകൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ഈ ടാസ്‌കുകൾ ലഭിക്കുവാൻ അഡ്വാൻസ് പേമെന്റ് ചെയ്യേണ്ടതുണ്ടെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെ കൊണ്ട് പണം അടപ്പിക്കുകയും ടാസ്‌കുകൾ ചെയ്തു നൽകുമ്പോൾ പ്രതിഫലം ട്രേഡിങ് അക്കൗണ്ടിൽ ബാലൻസായി കാണിക്കുകയും ചെയ്തു. ട്രേഡിങ് അക്കൗണ്ടിലെ ബാലൻസ് തുക പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോൾ പണം പിൻവലിക്കുന്നതിന് ട്രേഡിങ് അക്കൗണ്ട് ബാലൻസ് വലിയ തുകയായി ഉയർത്തേണ്ടുതെന്ന് പറഞ്ഞ് കബളിപ്പിച്ച് 43 ലക്ഷത്തോളം രൂപ വിവിധ ഘട്ടങ്ങളിലായി തട്ടിയെടുക്കുകയായിരുന്നു.

ഓൺലൈൻ ട്രേഡിങ് വഴി ഒരു അധിക വരുമാനം ഉണ്ടാക്കാം എന്ന പരാതിക്കാരന്റെ ചിന്തയെ ചൂഷണം ചെയ്ത് കുറ്റകരമായ സമ്പാദ്യം ഉണ്ടാക്കിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും അന്വേഷണം തുടരുന്നതായും നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ജിജോ എം ജെ അറിയിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിജോ എം ജെ, സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത്, മോഹൻദാസ്, ഷിജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ഓൺലൈൻ വഴി സാമ്പത്തിക ഇടപാട് നടത്തുന്ന എല്ലാവരിലും ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ ആരെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. വേഗത്തിൽ പരാതി രജിസ്റ്റർ ചെയ്താൽ ഒരുപക്ഷേ പണം നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാന് സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

Source: marunadanmalayalee
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel