കാബൂൾ: അഫ്ഗാനിസ്താനിൽ വൈദ്യുത ലൈനുകൾ ബോംബിട്ടു തകർത്ത് 45 ലക്ഷത്തോളം പേർ കഴിയുന്ന കാബൂൾ നഗരത്തെ ഇരുട്ടിലാക്കിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്.-ഖൊരാസൻ ഏറ്റെടുത്തു. വൈദ്യുത ലൈനിനു താഴെ തങ്ങളാണ് ബോംബ് സ്ഥാപിച്ചതെന്ന് ഐ.എസ്. ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു.
വ്യാഴാഴ്ചയാണ് വൈകീട്ട് ആറോടെയായിരുന്നു കാബൂളിലേക്കും മറ്റുചില പ്രവിശ്യകളിലേക്കും വൈദ്യുതിയെത്തിക്കുന്ന ഹൈ വോൾട്ടേജ് ലൈൻ തകർന്നത്. ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ രാജ്യങ്ങളിൽനിന്നാണ് അഫ്ഗാൻ വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. യു.എസ്. പിന്തുണയുള്ള മുൻ സർക്കാരിനെതിരേ താലിബാൻ നടത്തിയ 20 കൊല്ലംനീണ്ട പോരാട്ടത്തിൽ പതിവായി വൈദ്യുത ലൈനുകൾ ആക്രമിക്കാറുണ്ടായിരുന്നു. താലിബാന്റെ തന്ത്രം അവർക്കുനേരെ തന്നെ പ്രയോഗിക്കുകയാണ് ഇപ്പോൾ ഐ.എസ്. അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷവും രാജ്യത്ത് ഭരണസ്ഥിരത കൈവരിക്കാൻ താലിബാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് പുതിയ തിരിച്ചടി. കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ ഷിയാപള്ളിക്കുനേരെ ഐ.എസ്. നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.
No comments
Post a Comment