സമൂഹ മാധ്യമമായ ടെലിഗ്രാം ആപ് വഴി സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് പൊലീസ്. മറ്റ് സമൂഹമാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ തട്ടിപ്പുകാർ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഗ്രൂപ്പിൽ ചേരുന്നവർ കാണുന്നത്, ഗ്രൂപ്പ് അംഗങ്ങൾക്ക് ലഭിച്ച വൻതുകയുടെ സ്ക്രീൻ ഷോട്ടുകളും പോസ്റ്റുകളുമായിരിക്കും. ഈ രീതിയിലാണ് ഇരകളെ കുടുക്കുന്നത്.
എന്നാൽ, ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായി ചമയുന്നവരിൽ ഭൂരിപക്ഷവും തട്ടിപ്പ് കമ്പനിയുടെതന്നെ ആളുകളായിരിക്കും. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാന രീതിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടക്കത്തിൽ വെബ്സൈറ്റ് വഴി ചെറിയ തുക നിക്ഷേപിച്ചാൽപോലും തട്ടിപ്പുകാർ അമിതലാഭം നൽകും. ഇതോടെ കമ്പനിയിൽ കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ, ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാനാകില്ലെന്നും നിക്ഷേപകർക്ക് വൈകിയാകും മനസ്സിലാകുക.
പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ് ടിയുടെയും നികുതിയുടെയും മറവിൽ കൂടുതൽ പണം തട്ടിയെടുക്കുകയാണ് പതിവ്. ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായി സൈബർ പൊലീസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
No comments
Post a Comment