കൂടുതല്‍ ഫീച്ചറുകളുമായി ടെലിഗ്രാം, കസ്റ്റം വാള്‍പേപ്പറുകള്‍, ഷെയറബിള്‍ ചാറ്റ് ഫോള്‍ഡറുകള്‍

വിപണി പിടിക്കാന്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പുമായി മത്സരിക്കുന്ന മറ്റൊരു പ്രമുഖ സോഷ്യല്‍മീഡിയയായ ടെലിഗ്രാം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഒന്നിലധികം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ചാറ്റ് ഫോള്‍ഡര്‍ പങ്കുവെയ്ക്കല്‍, കസ്റ്റം വാള്‍പേപ്പര്‍ തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്.

ലിങ്കോട് കൂടി ചാറ്റ് ഫോള്‍ഡര്‍ പങ്കുവെയ്ക്കാന്‍ കഴിയുന്നതാണ് ഒരു ഫീച്ചര്‍. ഒന്നിലധികം ഗ്രൂപ്പുകളിലേക്കും ന്യൂസ് ചാനലുകളിലേക്കും സുഹൃത്തുക്കളെ ഉടനടി ക്ഷണിക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. വ്യത്യസ്ത ചാറ്റുകളുടെ ഒന്നിലധികം ഇന്‍വൈറ്റ് ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് പങ്കുവെയ്ക്കാന്‍ ഇതുവഴി ഉപയോക്തതാവിന് സാധിക്കും. കൂടാതെ ഇവയ്ക്ക് പേരും നല്‍കാനും സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍. ആളുകളെ ആഡ് ചെയ്യാന്‍ അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അധികാരം എന്നിരിക്കെ തന്നെ പബ്ലിക് ചാറ്റുകള്‍ ആഡ് ചെയ്യാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ ചാറ്റുകളില്‍ അംഗമാകുന്നതിന് അംഗങ്ങള്‍ക്ക് നിര്‍ദേശവും ലഭിക്കും.

വ്യത്യസ്ത ചാറ്റുകള്‍ക്ക് കസ്റ്റം വാള്‍പേപ്പര്‍ സെറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. ഇഷ്ടപ്പെട്ട ഫോട്ടോകളും കളര്‍ തീമുകളും വാള്‍പേപ്പറാക്കി മാറ്റം.ചാറ്റ് പാര്‍ട്ണര്‍ക്കും ഇതേ വാള്‍പേപ്പര്‍ ആഡ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. അല്ലെങ്കില്‍ സ്വന്തമായ നിലയില്‍ ഇത് ക്രിയേറ്റ് ചെയ്യാം.

ഷെയര്‍ ചെയ്ത മീഡിയ ഫയലുകള്‍ പോലെ അറ്റാച്ച്‌മെന്റുകളും എളുപ്പത്തില്‍ സ്‌ക്രോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. ഉപയോക്താവ് അയച്ച സന്ദേശം മറ്റു ഗ്രൂപ്പ് അംഗങ്ങള്‍ എപ്പോള്‍ വായിച്ചു എന്ന് അറിയുന്നതിനുള്ള സംവിധാനമാണ് മറ്റൊന്ന്. യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ ചില പരിഷ്‌കാരങ്ങളും ടെലിഗ്രാം വരുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ടെലിഗ്രാം തടയണമെന്ന പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി

കൊച്ചി: തൽത്സമയ സന്ദേശമയയ്‌ക്കൽ സേവനമായ ടെലിഗ്രാമിന്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള അശ്ലീല ഉള്ളടക്കം ടെലിഗ്രാം പ്രചരിപ്പിക്കുന്നുവെന്ന് വാദിച്ച് ഒരു സ്ത്രീയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

ഇൻഫർമേഷൻ ടെക്നോളജി പ്രകാരം ഹർജിക്കാരന് ടെലിഗ്രാമിന്റെ ഗ്രീവൻസ് ഓഫീസറെ സമീപിക്കാമെന്ന കേന്ദ്ര സർക്കാർ അഭിഭാഷകന്റെ ഹർജിയാണ് കേരള ഹൈക്കോടതി തള്ളിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്.

ടെലിഗ്രാം സേവനങ്ങൾ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ വിഭിന്നത സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ടെലിഗ്രാം ഉപയോക്താക്കൾ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്തതിനാൽ അന്വേഷണ നടപടികൾ പൂർത്തീയാക്കാൻ ഏജൻസിയ്‌ക്ക് കഴിഞ്ഞിട്ടില്ല എന്നും ഹർജിയിൽ പറയുന്നു.

സംഭവത്തോടനുബന്ധിച്ച് ഗ്രീവൻസ് ഓഫീസർക്ക് പരാതി നൽകുന്നതിന് പകരം അന്വേഷണ ഏജൻസിയ്‌ക്കോ സൈബർ ക്രൈം സെല്ലിലോ പരാതി നൽകാനുള്ള അവകാശം ഹർജിക്കാരനുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഹർജിക്കാരന് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ ഉപയോഗിക്കാമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു.

മൂന്നാം കക്ഷി ആപ്പുകളിൽ നിന്നുള്ള എസ്എംഎസ് അഭ്യർത്ഥനകൾക്ക് ടെലിഗ്രാം പിന്തുണ നൽകില്ല

മൂന്നാം കക്ഷി ആപ്പ് ഡെവലപ്പർമാർക്ക് പ്രക്ഷേപണം ചെയ്ത സമീപകാല സന്ദേശം അനുസരിച്ച്, മൂന്നാം കക്ഷി ആപ്പുകളിൽ നിന്നുള്ള SMS അഭ്യർത്ഥനകളെ ഇനി പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ടെലിഗ്രാം പദ്ധതിയിടുന്നു, അതായത് ഔദ്യോഗിക ടെലിഗ്രാം ആപ്പുകളിൽ നിന്ന് മാത്രമേ ഉപയോക്താക്കൾക്ക് SMS പരിശോധനകൾ അഭ്യർത്ഥിക്കാൻ കഴിയൂ.

മാറ്റം ഫെബ്രുവരി 18-ന് 13:00 UTC-ന് തൽസമയമാകും. ആ തീയതിക്ക് ശേഷം, മൂന്നാം കക്ഷി ആപ്പുകൾക്കുള്ള അംഗീകാര കോഡുകൾ ഔദ്യോഗിക ടെലിഗ്രാം ആപ്പുകൾ വഴി മാത്രമേ ലഭിക്കൂ. ആ തീയതിക്ക് മുമ്പ് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സന്ദേശം മൂന്നാം കക്ഷി ആപ്പ് ഡെവലപ്പർമാരോട് ആവശ്യപ്പെട്ടു.

@FIFA എന്ന ടെലിഗ്രാം യൂസർനെയിം വിറ്റ് പോയത് 7.6 കോടി രൂപയ്ക്ക്

ടെലിഗ്രാമിൽ @FIFA എന്ന യൂസനെയിം വിറ്റത് ₹76,571,571 രൂപയ്ക്ക്, ഇതോടെ നിലവിൽ ടെലിഗ്രാം പ്ലാറ്റ്ഫോമിൽ വിറ്റ വിലപിടിപ്പുള്ള യൂസർനെയിമുകളിൽ അഞ്ചാം സ്ഥാനം @FIFA സ്വന്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ടെലിഗ്രാം ഔദ്യോഗികമായി യൂസർനെയിമുകളുടെ ലേലത്തിനും ബിഡ് അറിയിപ്പുകൾക്കും ഫ്രാഗ്മെന്റ് എന്ന പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്.
TON അടിസ്ഥാനമാക്കിയാണ് യൂസർനെയിമുകൾ വിൽക്കുന്നത്. നിലവിൽ @Football എന്ന യൂസനെയിം ഇതിലേറേ തുകയ്ക്ക് ലേലം വിളി നടന്നു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ 9 കോടി രൂപ കടന്നിരിക്കുന്നു. അതിന്റെ ലേലം ഇന്ന് അവസാനിക്കും

സൗജന്യ ടെലഗ്രാം പ്രീമിയം എന്ന പേരിൽ വ്യാപകമായി തട്ടിപ്പ്

@PremiumChannel (see hyperlink) എന്ന ചാനലിലൂടെയാണ് Users ന്റെ അക്കൗണ്ടുകളിൽ ഹൈജാക്ക് ചെയ്യുകയും അവരിലൂടെ കൂടുതൽ പേരിലേക്ക് ഈ ചാനൽ എത്തിക്കുകയും ചെയ്തിരുന്നത്. നിലവിൽ ഈ ചാനലും, പ്രീമിയം നൽകാം എന്ന വ്യാജ വാഗ്ദാനം നൽകി Login Details എടുക്കുന്ന അവരുടെ ബോട്ടും ടെലഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ട്. നിങ്ങൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ Telegram Settings ലെ Devices tg://settings/devices എടുത്ത് പരിചയമില്ലാത്ത ലോഗിനുകൾ ഉടനടി നീക്കം ചെയ്യുക.

ടെലിഗ്രാം യൂസർനെയിമുകളുടെ ലേലം ആരംഭിച്ചു

ടെലിഗ്രാം യൂസർനെയിമുകളുടെ ലേലം ആരംഭിച്ച ബിഡ് അറിയിപ്പുകൾക്കായുള്ള fragment.com പ്ലാറ്റ്‌ഫോമും @fragment ബോട്ടും ലഭ്യമായി. സൈറ്റിൽ ഉപയോക്താക്കൾക്ക് ചെറിയ യൂസർനെയിമുകൾ അടക്കം വാങ്ങാനും വിൽക്കാനും കഴിയും (ഉദാ. @cars, @fifa, @dior).

A മുതൽ H വരെയുള്ള യൂസർനെയിമുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ബാക്കിയുള്ളവ (I മുതൽ Z വരെ) ഒരു വർഷത്തിനുള്ളിൽ ദൃശ്യമാകും. TON അടിസ്ഥാനമാക്കി ഉപയോക്തൃനാമങ്ങൾ NFT ആയി വിൽക്കപ്പെടും. അവ ക്രിപ്‌റ്റോകറൻസി വാലറ്റുകളിൽ സൂക്ഷിക്കുകയും മാർക്കറ്റുകളിലും ഔദ്യോഗിക ടെലിഗ്രാം പ്ലാറ്റ്‌ഫോമിലും വിൽപ്പനയ്‌ക്ക് വെക്കുകയും ചെയ്യാം.

വാട്‌സാപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം സ്ഥാപകന്‍

വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകന്‍റെ ഉപദേശം. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വാട്ട്സ്ആപ്പ് ഒഴികെ ഏത് സന്ദേശ കൈമാറ്റ ആപ്പും ഉപയോഗിക്കാം എന്നാണ് ടെലഗ്രാം സ്ഥാപകന്‍ പവൽ ഡുറോവ് പറയുന്നത്.

കഴിഞ്ഞയാഴ്ച വാട്ട്‌സ്ആപ്പില്‍ കണ്ടെത്തിയ സുരക്ഷാ പിഴവാണ് പവൽ ഡുറോവിന്‍റെ ഈ വിമര്‍ശനത്തിന്‍റെ അടിസ്ഥാനം. ഒരു ഹാക്കർക്ക് വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്ത് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാൻ സാധ്യത നല്‍കുന്ന സുരക്ഷ പിഴവാണ് കണ്ടെത്തിയത്. ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചുവെന്നാണ് വാട്ട്സ്ആപ്പ് ഉടമകളായ മെറ്റ പറഞ്ഞത്. പതിമൂന്ന് വര്‍ഷത്തോളമായി അവര്‍ ചാരപ്പണിക്ക് വഴിയൊരുക്കുന്നുവെന്നും പവൽ ഡുറോവ് ആരോപിക്കുന്നു.

"വാട്ട്‌സ്ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലും ഹാക്കർമാർക്ക് പൂർണ്ണമായ ആക്‌സസ്സ് ( ഉണ്ടായിരിക്കും" എന്ന് പവൽ ഡുറോവ് തന്‍റെ ടെലിഗ്രാം ചാനലില്‍ എഴുതി. "ഓരോ വർഷവും, വാട്ട്സ്ആപ്പിന്‍റെ ഉപയോക്താക്കള്‍ക്ക് പുതിയ പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങൾ എത്ര സമ്പന്നനാണെങ്കിലും, നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ, നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല" പവൽ ഡുറോവ് പറഞ്ഞു.

ഗവൺമെന്റുകൾ, നിയമപാലകർ, ഹാക്കർമാർ എന്നിവർക്ക് എൻക്രിപ്ഷനും മറ്റ് സുരക്ഷാ സുരക്ഷാ മാർഗങ്ങളും മറികടക്കാൻ അനുവദിക്കുന്ന പിഴവുകള്‍ അഥവ "ലെയിഡ് ലൂപ്പ്ഹോള്‍" നിരവധിയുണ്ടെന്നാണ് റഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ട സാങ്കേതിക വിദഗ്ധനായ പവൽ ഡുറോവ് പറയുന്നു. വാട്ട്സ്ആപ്പിന്‍റെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ, വാട്ട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ലെന്ന് ദുറോവ് നേരത്തെയും രംഗത്ത് വന്നിട്ടുണ്ട്.

700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളും പ്രതിദിനം ഏകദേശം 2 ദശലക്ഷം ഉപയോക്താക്കളുടെ തുടർച്ചയായ വർദ്ധനവും ഉള്ള സന്ദേശ ആപ്പായ ടെലിഗ്രാമിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ദുറോവ്. സ്വകാര്യതയ്ക്ക് ഒന്നാം സ്ഥാനം നൽകുന്നു എന്നാണ് ടെലഗ്രാം അവകാശവാദം. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പിന്റെ 2 ബില്യൺ ഉപയോക്താക്കളാണ് ഇപ്പോള്‍ ഉള്ളത്.

കോപ്പി റൈറ്റ് ലംഘനം ടെലഗ്രാം വിവരം കൈമാറണം - ഹൈക്കോടതി

കോപ്പിറൈറ്റ് ലംഘിച്ചവരുടെ വിവരം ടെലഗ്രാം ആപ്പ് വെളിപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായി ടെലഗ്രാം പ്രവർത്തിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നിയമലംഘനം നടത്തിയ വരെ സംരക്ഷിക്കരുത്. കോപ്പി റൈറ്റ് ലംഘിച്ച ചാനൽ, അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ മൊബൈൽ നമ്പർ, ഐപി വിലാസം തുടങ്ങിയ വിശദാംശം മുദ്രവച്ച കവറിൽ കൈമാറണം. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ നിർദേശം.

സിനിമയുടെ വ്യാജന്‌ സ്‌പോൺസർമാരായി വാതുവയ്‌പ്‌ വെബ്‌സൈറ്റുകൾ

‘തല്ലുമാല’ വ്യാജ പതിപ്പിന്റെ ടെലിഗ്രാം ലിങ്കിലെ പോസ്റ്റർ
പുതിയ മലയാള ചിത്രങ്ങളുടെ വ്യാജ പ്രിന്റുകളും അവയുടെ ലിങ്കും ടെലിഗ്രാമിലടക്കം പ്രചരിപ്പിക്കുന്നതിന്‌ പണമിറക്കാൻ ഓൺലൈൻ വാതുവയ്‌പ്‌ വെബ്‌സൈറ്റുകൾ. തങ്ങളുടെ പരസ്യം സിനിമയിലൂടെ പ്രചരിപ്പിക്കാൻ വ്യാജപതിപ്പുകൾ ഇറക്കുന്നവർക്ക്‌ ക്രിപ്‌റ്റോ കറൻസിയിൽ പ്രതിഫലം നൽകിയാണ്‌ ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനം. ടെലിഗ്രാമിലും പൈറസി വെബ്‌സൈറ്റുകളിലും വെബ്‌സൈറ്റുകളുടെ വ്യൂഹമായ ടൊറന്റിലുമാണ്‌ ‘വ്യാജൻ’ തകർത്തോടുന്നത്‌.

വിദേശത്തുനിന്ന്‌ പ്രവർത്തിക്കുന്ന രാജ്‌ബെറ്റ്‌, വൺ എക്‌സ്‌ ബെറ്റ്‌ തുടങ്ങിയ വെബ്‌സൈറ്റുകളാണ്‌ പ്രധാനമായും പണമിറക്കുന്നത്‌. ഇവയുടെ പരസ്യവും ലോഗോയും വാട്ടർമാർക്കുമായാണ്‌ മിക്ക വ്യാജ പതിപ്പുകളും ഇറങ്ങുന്നതെന്ന്‌ ആന്റി പൈറസി സർവീസായ ഒബ്‌സ്‌ക്യുറയുടെ പ്രവർത്തകർ പറയുന്നു.
തമിൾ ബ്ലാസ്‌റ്റേഴ്‌സ്‌, വൺ തമിൾ എംവി തുടങ്ങിയ വെസ്‌സൈറ്റുകളിലാണ്‌ സിനിമകൾ പ്രധാനമായും അപ്‌ലോഡ്‌ ചെയ്യുന്നത്‌. ദിവസം എട്ടുലക്ഷത്തോളം സന്ദർശകരാണ്‌ ഇവയ്‌ക്കുള്ളത്‌. ഇതിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യുന്ന പ്രിന്റുകളും അവയുടെ ലിങ്കുമാണ്‌ ടെലിഗ്രാമിൽ എത്തുന്നത്‌.

അടുത്തിടെ തിയറ്ററിൽ റിലീസായ ന്നാ താൻ കേസ്‌ കൊട്‌, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലും ടൊറന്റ്‌ സൈറ്റുകളിലും പ്രചരിച്ചത്‌ റിലീസ്‌ ചെയ്‌ത്‌ 24 മണിക്കൂറിനകമാണ്‌. വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത മൈക്കിന്റെ വ്യാജ പതിപ്പും മണിക്കൂറുകൾക്കകം പൈറസി വെബ്‌സൈറ്റുകളിൽ എത്തി.

ടെലിഗ്രാമിൽ പ്രചരിക്കുന്ന ലിങ്കുകൾ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെ നീക്കം ചെയ്യുന്നത്‌ സിനിമാമേഖലയിൽ പതിവായിരിക്കുകയാണ്‌. സിനിമയുടെ പ്രചാരണത്തിനൊപ്പം ഇതിനും നിർമാതാക്കൾ പണം മാറ്റിവയ്‌ക്കുന്നു. രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ ഇതിന്‌ ചെലവുണ്ട്‌. രണ്ട്‌ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെയാണ്‌ ‘തല്ലുമാല’യുടെ വ്യാജ പതിപ്പിന്റെ ലിങ്കുകൾ നീക്കം ചെയ്യുന്നതെന്ന്‌ നിർമാതാവ്‌ ആഷിഖ്‌ ഉസ്‌മാൻ പറഞ്ഞു. വ്യാജ പതിപ്പുകളുടെ ലിങ്കുകൾ പ്രചരിക്കുന്നത്‌ തടയാൻ നടപടിയെടുക്കണമെന്ന്‌ ടെലിഗ്രാമിനോട്‌ കേന്ദ്രസർക്കാർ ആവശ്യപ്പെടണമെന്ന്‌ കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ ജി സുരേഷ്‌കുമാർ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്‌ ഫിലിം ചേംബർ.



റിലീസായി മണിക്കൂറുകൾക്കുള്ളിൽ അമീർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ ടൊറന്റിലും ടെലിഗ്രാമിലുമെത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ എത്തിയ അമീർ ഖാൻ ചിത്രമാണ് ലാൽ സിങ്ങ് ഛദ്ദ. റിലീസായി ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ്. എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം ഒരു തിരിച്ചടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സ് എത്തി. ഇതിന് പിന്നാലെ മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും അമീർ ഖാൻ ചിത്രത്തിന്റെ വ്യാജ പതിപ്പെത്തി. അതും എച്ച്ഡി ക്വാളിറ്റിയിലുള്ള ചിത്രത്തിന്റ വ്യാജ പതിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

സമാനമായി മറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ഭൂൽ ഭൂല്ലയ്യ 2, ജഗ്ജഗ്ഗ് ജീയോ, പുഷ്പ, ബീസ്റ്റ്, 83, ആർആർആർ എന്നീ ചിത്രങ്ങളും സമാനമായി റിലീസായ ദിവസങ്ങളിൽ വ്യാജപതിപ്പ് ടെലിഗ്രാമിലും ടൊറന്റ് വെബ്സൈറ്റുകളിലുമെത്തിയിരുന്നു. കൂടാതെ ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പും സമാനമായ രീതിയിൽ ടൊറന്റ്, ടെലിഗ്രാം പ്ലാറ്റ്ഫോമുകളിൽ എത്താറുണ്ട്.
© All Rights Reserved
Made With by InFoTel