കൊച്ചി: ടെലഗ്രാം ആപ്ലിക്കേഷന്‍ തീര്‍ക്കുന്ന തലവേദനകള്‍ വിവരിച്ച് പൊലീസ് ഹൈക്കോടതിയില്‍. സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം’ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മറുപടി പറയുകയായിരുന്നു പൊലീസ്.
ടെലഗ്രാം ഉപയോക്താക്കളെ കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് കേരള പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ടെലഗ്രാം ആപ്ലിക്കേഷന്റെ സെർവർ വിദേശത്താണെന്നതാണ് പ്രധാന തടസം. ഫെയ്‌സ്‌ബുക്ക്, വാട്‌സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മൊബൈൽ നമ്പറിലൂടെ തിരിച്ചറിയാനാവും. എന്നാൽ, ടെലഗ്രാം ഉപയോക്താക്കൾ മൊബൈൽ നമ്പറിനു പകരം യൂസർ ഐഡിയാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ അക്കൗണ്ട് ഉടമകളെ കണ്ടെത്താനാവുന്നില്ലെന്നും പൊലീസ് സൈബർ ഡോം സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചു.
ഉപയോക്താക്കൾ അജ്ഞാതരായതിനാൽ ടെലഗ്രാം നിയമ ലംഘകരുടേയും കുറ്റവാളികളുടേയും വിഹാര കേന്ദ്രമാണന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് സൈബർ കൃത്യങ്ങൾക്കെതിരെ പരാതികളിൽ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം നടപടിക്ക് വ്യവസ്ഥയുണ്ട്. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉപയോക്താക്കൾക്കും എതിരെ നടപടിയെടുക്കാനാവുമെന്നും പൊലീസ് വിശദീകരിച്ചു.
ഗുഗിൾ പ്ലേ സ്റ്റോറിൽ 2.8 ദശലക്ഷം മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണെന്നും ദിനംപ്രതി ആപ്ലിക്കേഷനുകളുടെ എണ്ണം വർധിച്ചു വരികയാണെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ലോകത്ത് എവിടെ നിന്നും ഒരാൾക്ക് പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻസ് അപ്‌ലോഡ് ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ ഏപ്രിൽ മാസത്തോടെ 451 ദശലക്ഷം കടന്നുവെന്നും ഉപയോക്താക്കളെ നിരീക്ഷിക്കുക എളുപ്പമല്ലെന്നും സർക്കാർ വ്യക്തമാക്കി.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളികാമറ ഉപയോഗിച്ചു പകർത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോൽസാഹിപ്പിക്കുന്നതാണന്നും ഹർജിയിൽ പറയുന്നു. 2013 ൽ റഷ്യയിൽ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രം 13 ലക്ഷം ഉപയോക്താക്കളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ടെലഗ്രാം ആപ്പിന്റെ പ്രവർത്തനമെന്നും സർക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വാർത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, സൈബർ ഡോം എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്.
No comments
Post a Comment