ടെലഗ്രാം ആപ്ലിക്കേഷൻ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിനായി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒന്നിലധികം ഫീച്ചറുകളുമായാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. ഐഒഎസ് ആപ്പിലെ ഷെയേർഡ് മീഡിയ പേജിൽ പുതിയ ഡേറ്റ് ബാറും കലണ്ടർ വ്യൂവും ഇതിൽ ഉൾപ്പെടുന്നു. ഷെയേർഡ് മീഡിയ പേജിന്റെ വശത്തായിട്ടാണ് ഡേറ്റ് ബാർ നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് പഴയ ഫോട്ടോകളും വീഡിയോകളും വേഗം കണ്ടെത്താൻ ഈ ഫീച്ചർ വഴി സാധിക്കും. പഴയ ഡേറ്റുകൾ അല്ലെങ്കിൽ വിവിധ മാസങ്ങൾ എന്നിവയിലേക്ക് വേഗത്തിൽ പോകാൻ കഴിയുന്നത് വഴിയാണ് തെരച്ചിലുകൾ എളുപ്പമാകുന്നത്. ഗ്രൂപ്പുകൾക്കായും പുതിയ അപ്ഡേറ്റിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ട്. പ്രധാനമായും അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ നിയന്ത്രണം നൽകുന്നുവെന്നതാണ് പ്രത്യേകത. ഇതിനായി അഡ്മിൻ അപ്രൂവൽ സെറ്റിങ്സിൽ തന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റിൽ ആർക്കൊക്കെ ജോയിൻ ചെയ്യാം, ചാറ്റുകൾ കാണാം എന്നിവയിലെല്ലാം നിയന്ത്രണം പൂർണമായും അഡ്മിൻമാർക്ക് ലഭിക്കും. ഗ്ലോബൽ ചാറ്റ് തീമുകളും പുതിയ ഇന്ററാക്ടീവ് ഇമോജികളും പുതിയ അപ്ഡേറ്റിൽ ഉണ്ട്. പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയം കാണിക്കുന്നതും പുതിയ ഐഒഎസ് അപ്ഡേറ്റിന്റെ ഭാഗമാണ്.
നവംബർ മൂന്ന് ബുധനാഴ്ചയാണ് ഐഒഎസ് ഉപയോക്താക്കൾക്കുള്ള പുതിയ അപ്ഡേറ്റ് ടെലഗ്രാം പ്രഖ്യാപിച്ചത്. അപ്ഡേറ്റുകൾ യൂസ് ചെയ്യേണ്ട വിധവും ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ടെലഗ്രാം പങ്ക് വച്ചിരുന്നു. നേരത്തെ പറഞ്ഞത് പോലെ ഷെയേർഡ് മീഡിയ പേജിന്റെ ഒരു വശത്തായി ഡേറ്റ് ബാർ ചേർത്തിരിക്കുന്നു. ഒരു ചാറ്റിൽ പങ്കിട്ട എല്ലാ ഫോട്ടോകളും ഫയലുകളും വീഡിയോകളും സംഗീതവും എല്ലാം ഇവിടെ കാണിക്കുന്നു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും എല്ലാം ഈ ഫീച്ചർ ഉപയോഗിക്കാം. ഷെയേർഡ് മീഡിയയിലൂടെ മുകളിലേക്കും താഴേക്കും വേഗത്തിൽ സ്ക്രോൾ ചെയ്യാനും സാധിക്കും. കൂടാതെ, മെച്ചപ്പെട്ട ബ്രൗസിങ് അനുഭവത്തിനായി ഉപയോക്താക്കൾക്ക് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും.
ഷെയേർഡ് മീഡിയ പേജിന് ഒരു പുതിയ കലണ്ടർ വ്യൂവും ലഭിക്കുന്നു, അത് ഒരു പ്രത്യേക ദിവസത്തെ ഫോട്ടോകളോ വീഡിയോകളോ കണ്ടെത്താൻ ടെലഗ്രാം ഉപയോക്താക്കളെ സഹായിക്കുന്നു. ഫോട്ടോസ്, വീഡിയോസ് എന്നിങ്ങനെ പ്രത്യേകം ഫിൽട്ടർ ചെയ്ത് കാണാനും കഴിയും. ചാറ്റ് ഹെഡറിൽ ടാപ്പ് ചെയ്‌ത് താഴേക്ക് സ്‌ക്രോൾ ചെയ്‌ത് മെനു ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ കലണ്ടർ വ്യൂ ആക്‌സസ് ചെയ്യാൻ കഴിയും. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഗ്രൂപ്പ് അഡ്‌മിനുകൾക്കായി ഒരു പ്രിവ്യൂ ഓപ്ഷനും ഉണ്ട്. അഡ്‌മിൻ അപ്രൂവൽ ഉള്ള ഒരു ഇൻവിറ്റേഷൻ ലിങ്ക് മറ്റൊരു ഉപയോക്താവ് തുറക്കുമ്പോൾ ജോയിൻ റിക്വസ്റ്റ് അയക്കാനുള്ള ബട്ടൺ കാണാൻ കഴിയും. ഇത് വഴി അയക്കുന്ന റിക്വസ്റ്റുകൾ ചാറ്റിന് മുകളിലുള്ള പുതിയ ബാറിൽ അഡ്മിൻസിന് കാണുകയും മാനേജ് ചെയ്യുകയും ചെയ്യാം.
ജോയിൻ റിക്വസ്റ്റ് അയച്ചയാളുടെ പ്രൊഫൈൽ പികച്ചറും ബയോയും ഈ ഫീച്ചർ വഴി അഡ്മിൻസിന് കാണാൻ കഴിയും. ശേഷം റിക്വസ്റ്റ് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകൾക്ക് പേര് നൽകാനും പുതിയ അപ്ഡേറ്റ് അഡ്മിൻസിനെ അനുവദിക്കും. തങ്ങൾ അയക്കുന്ന ലിങ്കുകൾക്ക് പേര് നൽകാൻ കഴിയുന്നത് സ്വന്തം ഗ്രൂപ്പിന്റെ ഐഡന്റിറ്റി എന്താണെന്ന് അയക്കുന്നവരെ ബോധ്യപ്പെടുത്താൻ സഹായിക്കും. മുമ്പത്തെ അപ്‌ഡേറ്റിൽ ടെലഗ്രാം പ്രഖ്യാപിച്ച എട്ട് പുതിയ ചാറ്റ് തീമുകളും ഇപ്പോൾ ഐഒഎസ് ഡിവൈസുകളിൽ എത്തിയിട്ടുണ്ട്. എല്ലാ പുതിയ തീമുകളിലും ഡേ ആൻഡ് നൈറ്റ് മോഡ്, ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ട്, ഗ്രേഡിയന്റ് മെസേജ് ബബിൾസ് എന്നിവ ഉൾപ്പെടുന്നു. ഈ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാകും.
പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയവും പുതിയ ഐഒഎസ് അപ്ഡേറ്റിനൊപ്പം കാണിക്കും. ചാറ്റിൽ ഷെയർ ചെയ്ത ലൊക്കേഷനിൽ ടാപ്പ് ചെയ്യുമ്പോൾ നടന്നോ കാറിലോ ബസിലോ ഒക്കെ ലൊക്കേഷനിൽ എത്തിച്ചേരാനുള്ള യാത്രാ സമയം ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഇങ്ങനെ തങ്ങൾക്ക് എത്തിപ്പേടേണ്ട സ്ഥലം / വ്യക്തി എന്നിവിടങ്ങളിലേക്കുള്ള ദൂരം സമയം എന്നിവയെല്ലാം കൃത്യമായി മനസിലാക്കാൻ യൂസേഴ്സിന് കഴിയും. ഉപയോക്താവ് ചാറ്റിൽ ഒരു പുതിയ മീഡിയ ഫയൽ ആഡ് ചെയ്യുമ്പോൾ മെസേജ് ബാറിൽ ടൈപ്പ് ചെയ്ത സന്ദേശം സ്വയം ഒരു കാപ്ഷനായി മാറും. ഇത് ആദ്യമായാണ് ഇത്തരമൊരു ഫീച്ചർ ടെലഗ്രാം അവതരിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റിന്റെ ഭാഗമായി വേറെയും ഫീച്ചറുകൾ ടെലഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.
പുതിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ടതാണ് ക്ലൌഡ് ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട അപ്ഡേറ്റ്. ക്ലൌഡ് ഡ്രാഫ്റ്റും ഫോണും സമാന്തരമായി ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ക്ലൗഡ് ഡ്രാഫ്റ്റുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിൽ മെസേജ് ടൈപ്പ് ചെയ്യാൻ സാധിക്കും. ശേഷം ഫോണിൽ നിന്ന് ഫോട്ടോ അറ്റാച്ച് ചെയ്യുകയും മെസേജും ഫോട്ടോയും ഒരുമിച്ച് അയയ്ക്കുകയും ചെയ്യാം. ഫുൾസ്‌ക്രീൻ എഫക്‌റ്റുകളുള്ള പുതിയ ഇന്ററാക്റ്റീവ് ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ടെലഗ്രാമിന്റെ ഐഒഎസ് വേർഷനിലെ സെറ്റിങ്സ് ഐഒഎസ് 15ന്റെ ശൈലികളുമായി പൊരുത്തപ്പെടുന്നതിനായി റീ ഡിസൈനും ചെയ്തിട്ടുണ്ട്. ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിലൊന്നാണ് ടെലഗ്രാം. ടെലഗ്രാമിന്റെ ജനപ്രീതിക്ക് കാരണമാകുന്നതും അതിലെ ഈസി ഫീച്ചറുകളാണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നതും അത്ര വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാത്തതും യൂസേഴ്സിനെ ടെലഗ്രാമിലേക്ക് അടുപ്പിക്കുന്നു.
No comments
Post a Comment