മോക്സോ: റഷ്യയില്‍ ഫേസ്ബുക്കിനും, മെസഞ്ചര്‍ ആപ്പായ ടെലഗ്രാമിനും പിഴശിക്ഷ. സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യാത്തതിനാണ് മോസ്കോ കോടതി രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും പിഴ വിധിച്ചത്. 1.72 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ഫേസ്ബുക്കിന് പിഴയായി ചുമത്തിയിരിക്കുന്നത്. 1.01 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ടെലഗ്രാമിന് പിഴയായി വിധിച്ചത്.
എന്നാല്‍ റഷ്യന്‍ ഏജന്‍സികള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം സര്‍ക്കാര്‍ ഈ പ്ലാറ്റ്ഫോമുകളോട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട പോസ്റ്റുകളുടെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല. റഷ്യയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ശക്തമാകുന്ന നിയമങ്ങളുടെ ബാക്കിയാണ് പുതിയ വിധിയെന്നാണ് പാശ്ചത്യ മാധ്യമങ്ങളുടെ നിരീക്ഷണം.
അതേ സമയം ഒരു മാസം തികയും മുന്‍പ് ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കും ടെലഗ്രാമും ശിക്ഷ നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് 25ന് ഫേസ്ബുക്കിന് 26 ദശലക്ഷം റൂബിളും, ടെലഗ്രാമിന് ഒരു മാസം മുന്‍പ് 5 ദശലക്ഷം റൂബിളും പിഴ ശിക്ഷ വിധിച്ചിരുന്നു. പ്രകോപനകരമായ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ പിന്‍വലിക്കാത്തതിനായിരുന്നു ഈ നടപടി.
No comments
Post a Comment